ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി 'സേവ് ലക്ഷദ്വീപ്' ക്യാംപയ്ന്‍. ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും സ്വാതന്ത്ര്യത്തിനും മേല്‍ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തുകയാണെന്ന് വിമര്‍ശനം ശക്തം. ലക്ഷദ്വീപിലെ ജനജീവിതം ദുസഹമാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്ന് ആക്ഷേപം ശക്തം.
എന്താണ് ലക്ഷദ്വീപില്‍ നടക്കുന്നത്?
36 ദ്വീപുകളടങ്ങുന്ന ഭൂപ്രദേശമാണ് ലക്ഷദ്വീപ്. ഇതില്‍ 11 ദ്വീപുകളില്‍ ജനവാസമുണ്ട്. ലക്ഷദ്വീപില്‍ നിന്നു കേരളത്തിലെത്തി പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളുണ്ട്. മാത്രമല്ല, കേരളത്തിന്റെ സംസ്‌കാരവുമായി വളരെ മികച്ച ബന്ധം സൂക്ഷിക്കുന്നവരാണ് ലക്ഷദ്വീപുകാര്‍. ലക്ഷദ്വീപിലെ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേല്‍ നടത്തുന്ന ഫാസിസ്റ്റ് ഭരണപരിഷ്‌കാരങ്ങളാണ് തങ്ങളുടെ സംസ്‌കാരത്തെ നശിപ്പിക്കുന്നതെന്ന് ലക്ഷദ്വീപുകാര്‍ ആരോപിക്കുന്നു.
ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. മത്സ്യതൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേലിന്റെ നിര്‍ദേശാനുസരണം പൊളിച്ചുമാറ്റി. ഇത് വലിയ വിവാദമായി.
പ്രധാനപ്പെട്ട ആരോപണങ്ങള്‍
പുതിയ അഡ്മിനിസ്‌ട്രേഷന്റെ കീഴില്‍ തീര്‍ത്തും മനുഷ്യരഹിതമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ലക്ഷദ്വീപില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് ക്രൈം നിരക്ക് ഏറ്റവും കുറവുള്ള ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഗൂഢാ ആക്ട് നടപ്പിലാക്കി. നിരപരാധികളെ പോലും തടങ്കലിലാക്കുന്നു. സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണ മെനുവില്‍ നിന്ന് നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ നീക്കം ചെയ്തു. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്നു. നേരത്തെ ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു. കന്നുകാലികളെ കൊല്ലുന്നവരെ ക്രിമിനല്‍ നിയമത്തിനു പരിധിയില്‍ കൊണ്ടുവരുന്നു. ബീഫ് വില്‍പ്പനയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നു. ലക്ഷദ്വീപില്‍ കോവിഡ് വ്യാപനം കുറവായിരുന്നു. കര്‍ശന നടപടികളാണ് കാവിഡ് വ്യാപനത്തെ ചെറുക്കാന്‍ നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ 68 ശതമാനമാണ് ലക്ഷദ്വീപിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് വ്യാപനം തടയാന്‍ നേരത്തെ ഉണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും പുതിയ അഡ്മിനിസ്‌ട്രേഷന്‍ നീക്കി. ഇത് രോഗവ്യാപനത്തിനു കാരണമായി. ദ്വീപ് നിവാസികള്‍ക്ക് മദ്യം നിഷിദ്ധമാണ്. അങ്ങനെയിരിക്കെ പ്രഫുല്‍ പട്ടേല്‍ ടൂറിസത്തിന്റെ മറവില്‍ പരക്കെ മദ്യശാലകള്‍ തുറന്നു.
ആരാണ് പ്രഫുല്‍ പട്ടേല്‍
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദിനേഷ് ശര്‍മ്മയുടെ വിയോഗത്തിനു ശേഷമാണ് തല്‍സ്ഥാനത്തേക്ക് പ്രഫുല്‍ പട്ടേല്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും സംഘപരിവാറുകാരനുമാണ് ഇയാള്‍. ലക്ഷദ്വീപിന്റെ സംസ്‌കാരത്തെ തകര്‍ക്കാനാണ് പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചതെന്ന് പരക്കെ ആക്ഷേപമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയലാഭത്തിനായി ലക്ഷദ്വീപിനെ ഉപയോഗിക്കുകയാണെന്നും വിമര്‍ശനം ശക്തമാണ്. കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് നിയമിച്ചിരുന്നത്. എന്നാല്‍, ഈ നിയമം ലംഘിച്ചാണ് പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി എത്തിയതെന്ന് പറയുന്നു.
പ്രഫുലിനെ തിരിച്ചുവിളിക്കണം
പ്രഫുല്‍ പട്ടേലിനെ കേന്ദ്രം അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും ലക്ഷദ്വീപില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായ ഇളമരം കരീം ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്.