കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യരംഗം ആടിയുലയുകയാണ്. കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സഹായം നല്‍കാന്‍ സാധിക്കാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഡല്‍ഹിയിലാണ് ഓക്‌സിജന്‍ പ്രതിസന്ധി അതിരൂക്ഷം. എന്നാല്‍, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും കേരളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. അതിനുകാരണം, രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ മുന്‍കൂട്ടി കേരളം സ്വീകരിച്ച നടപടികളാണ്. ക്രൈസിസ് മാനേജ്‌മെന്റിന്റെ ഭാഗമായി ഓക്‌സിജന്‍ ക്ഷാമം വരാതിരിക്കാനുള്ള നടപടികള്‍ കേരളം നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. രോഗികളുടെ എണ്ണം കൂടുമ്പോഴും കേരളം പിടിച്ചുനില്‍ക്കുന്നത് ക്രൈസിസ് മാനേജ്‌മെന്റില്‍ പുലര്‍ത്തിയ കൃത്യമായ സമീപനം കൊണ്ടാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.