അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ തോഴിയും പാര്‍ട്ടിയിലെ ശക്തി കേന്ദ്രവുമായ ശശികല നടരാജന്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകും. ഇന്ന് ചേര്‍ന്ന അണ്ണാ ഡിഎംകെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
ശശികലയോട് അണ്ണാ ഡിഎംകെ നേതൃസ്ഥാനം ഏറ്റെടുക്കാൻ പാർട്ടിയുടെ പ്രമുഖ നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. പോയസ് ഗാർഡനിലെ വസതിയിലെത്തിയാണ് പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനനും, മുതിർന്ന നേതാവ് കെഎ സെങ്കോട്ടയ്യനും ചെന്നൈ മുൻ മേയർ സൈദ എസ്. ദുരൈസാമിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈയാവശ്യം ഉന്നയിച്ചത്. ജയലളിതയെപ്പോലെ ശശികലയും പാർട്ടിയെ നയിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകുമെന്ന വാര്‍ത്ത പുറത്തു വിട്ടത് ജയ ടീവിയാണ്. ശശികല പാര്‍ട്ടിയെ നയിച്ചേക്കുമെന്ന് നേരത്തെ ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.