രാജ്യത്ത് പശുവിനെ അല്ലാതെ മറ്റ് അനേകം വസ്തുക്കള്‍ കഴിക്കാന്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പശുവിനെ കൊല്ലുന്നത് നിരോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണെന്നും സാധ്വി പറഞ്ഞു.
രാജ്യത്ത് പശുവിനെ കൊല്ലുന്നതിക്കുറിച്ചും ബീഫിനെ കഴിക്കുന്നതിനെക്കുറിച്ചും പറയുമ്പോള്‍ ആയിരുന്നു സാധ്വിയുടെ പരാമര്‍ശം. “ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. ഞങ്ങളില്‍ നിങ്ങള്‍ ബഹുമാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഞങ്ങളെ ബഹുമാനിക്കൂ. ജനാധിപത്യത്തില്‍, ഓരോ സംസ്ഥാന സര്‍ക്കാരുകളുടെയും കടമയാണ് പശുവിനെ കൊല്ലുന്നത് നിരോധിക്കുക എന്നത്. പശുവിനെ അല്ലാതെ നിരവധി വസ്തുക്കള്‍ ഈ രാജ്യത്ത് കഴിക്കാന്‍ ഉണ്ട്” - സാധ്വി ജ്യോതി പറഞ്ഞു.
രാജ്യത്ത് അസഹിഷ്‌ണുത ഉണ്ടെന്ന് പറയുന്നത് രാഷ്‌ട്രീയ ലക്‌ഷ്യത്തോടെ ആണെന്നും ന്യൂനപക്ഷ വോട്ടുകളാണ് ബിഹാറില്‍ മാറ്റം ഉണ്ടാക്കിയതെന്നും അവര്‍ പറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിനു ശേഷം നിരവധി സംസ്ഥാനങ്ങളില്‍ വിജയിച്ചിട്ടുണ്ടെന്നും നിതീഷ് കുമാറിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അവാര്‍ഡുകള്‍ ബഹുമതിയുടെ ഒരു ടോക്കണ്‍ അല്ലെന്നും ഒരു രാജ്യം മുഴുവന്‍ നല്കുന്ന ബഹുമാനമാണെന്നും പറഞ്ഞ സാധ്വി ജ്യോതി അവാര്‍ഡുകള്‍ തിരിച്ചു നല്കുന്നവര്‍ രാജ്യത്തെ അപമാനിക്കുകയാണെന്നും പറഞ്ഞു.