ശബരിമല സ്ത്രീ പ്രവേശനം; പുനഃപരിശോധന ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ല, ലക്ഷങ്ങളുടെ കണക്ക് പറഞ്ഞെങ്കിലും കോടതി വഴങ്ങിയില്ല

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (11:44 IST)
ശബരിമലയില്‍  പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പുനഃപിരശോധന ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ല. ദേശീയ അയ്യപ്പ ഭക്തസംഘം സമര്‍പ്പിച്ച് ഹര്‍ജിയാണ് അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വ്യക്തമാക്കിയത്.
 
കേസ് മറ്റ് പുനഃപരിശോധന ഹര്‍ജിക്കൊപ്പം ലിസ്റ്റ് ചെയ്ത് മുറപ്രകാരം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. വിധിക്കെതിരെ ലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങുന്നുണ്ടെന്നും അതിനാല്‍ ഹര്‍ജി അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. കോടതി മുറപ്രകാരം ഹര്‍ജി പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
 
ശബരിമലയില്‍ മണഡലകാലചടങ്ങുകള്‍ ഉടന്‍ തുടങ്ങുമെന്നും അതിനാല്‍ വേഗം പരിഗണിക്കണമെന്നുമുള്ള ആവശ്യവും കോടതി പരിഗണിച്ചില്ല. എന്‍ എസ് എസ്, പന്തളം കൊട്ടാരം,അയ്യപ്പ സേവാസംഘം തുടങ്ങി എട്ട് സംഘടനകളാണ് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article