ആരാണ് ഈശ്വരന്‍ ? ഈ ചോദ്യം പലരും പലപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ ചോദ്യം എപ്പോഴും സന്യാസിമാരോടൊ മത- ആത്മീയ നേതൃത്വങ്ങളോടൊ ആയിരിക്കുമെന്ന് മാത്രം. അതേസമയം ഈ ചോദ്യം കേന്ദ്ര നിയമ മന്ത്രാലയത്തോട് ചോദിച്ചാല്‍ എങ്ങനെരിക്കും? നിയമവും, ഭരണഘടനയുമായി ബന്ധമില്ലാത്ത ചോദ്യത്തിന് ചോദ്യകര്‍ത്താവിനെ കുഴയ്ക്കുന്ന മറുചോദ്യം ചോദിച്ചാണ് ഒടുക്കം മന്ത്രാലയം തടിതപ്പിയത്.
ശ്രദ്ധാനന്ദ് യോഗാചാര്യ എന്ന വ്യക്തിയാണ് വിവരാവകാശ നിയമപ്രകാരം ആരാണ് ഈശ്വരന്‍, എന്ത് അടിസ്ഥാനത്തിനാത്തിലാണ് ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചത്. രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിലേക്ക് വന്ന അപേക്ഷ പിന്നീട് ആഭ്യന്തര മന്ത്രാലയത്തിനും അവിടെ നിന്ന് നിയമമന്ത്രാലയത്തിനും കൈമാറി. മൂന്ന് മന്ത്രാലയ വൃത്തങ്ങളും ഉത്തരമില്ലാതെ ഇരുട്ടില്‍ തപ്പിയപ്പോള്‍ തനിക്ക് മറുപടി ലഭിക്കുന്നില്ല എന്ന് പറഞ്ഞ് കേന്ദ്ര വിവരാവകാശ കമ്മീഷന് മുന്നില്‍ വിഷയമെത്തിച്ചു.
ഉത്തരം നല്‍കാന്‍ പറ്റാത്ത എന്ത് ചോദ്യമാണ് വിദ്വാന്‍ ചോദിച്ചത് എന്ന് കണ്ട വിവരാവകാശ കമ്മീഷനും ഉത്തരം മുട്ടിപ്പോയി. സത്യമേവ ജയതേ എന്നത് ഭരണഘടനാപരമല്ലെന്നും സത്യം ,മതം , ജാതി എന്നിവയൊന്നും ഭരണഘടനയുമായി ബന്ധമില്ലാത്തതായതിനാല്‍ ഇവ സംബന്ധിച്ചുളള വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഓഫീസര്‍ കെ എസ് ചിത്കാര ശ്രദ്ധാനന്ദിനെ അറിയിച്ചു. അതിനിടെ ശ്രദ്ധാനന്ദുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയ നിയമമന്ത്രാലയ ഉദ്യോഗസ്ഥന്‍, രേഖകളിലുളള വിവരങ്ങള്‍ മാത്രമേ നല്‍കാനാകൂ എന്ന് പറഞ്ഞ് തടിതപ്പി.
ഈശ്വരന്‍, സത്യം, ജാതി, ന്യായം ധര്‍മ്മം എന്നിവയൊക്കെ വിവരിച്ചു തരേണ്ടത് ഗുരുക്കന്മാരോ ആചാര്യന്മാരോ ഒക്കെയാണെന്നും അവക്കൊന്നും വിവരാവകാശ നിയമത്തിന്‍ കീഴില്‍ മറുപടി നല്‍കാനാവില്ലെന്നും ചിത്കാര ശ്രദ്ധാനന്ദിനു മറുപടി നല്‍കി. ശ്രദ്ധാനന്ദും വിവരാവകാശ ഉദ്യോഗസ്ഥനും തമ്മിലുളള സംവാദം ശ്രദ്ദയില്‍പ്പെട്ട വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവും സംഭവത്തില്‍ ഇടപ്പെട്ടു. ഈശ്വരനെയും സത്യത്തെയും താങ്കള്‍ക്ക് നിര്‍വചിക്കാമോ യെന്ന് അദ്ദേഹം ശ്രദ്ധാനന്ദിനോട് ചോദിച്ചു. എന്നാല്‍ ഈ ചോദ്യത്തിനു ശ്രദ്ധാനന്ദിനും മറുപടി ഉണ്ടായിരുന്നില്ല.