രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മോഡിക്ക് അന്ത്യശാസനം, പ്രക്ഷോഭത്തിന് തിരികൊളുത്തി വിഎച്ച്പി

Webdunia
ബുധന്‍, 25 ഫെബ്രുവരി 2015 (14:44 IST)
രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ മുന്‍‌കൈയ്യെടുക്കുവാന്‍ മോഡിക്ക് തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് അന്ത്യശാസനം നല്‍‌കി. ഈ വര്‍ഷം മെയ് മാസത്തിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് വിഎച്ച്പി നരേന്ദ്ര മോഡിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അത് പാലിച്ചില്ലെങ്കില്‍ രാമജന്മഭൂമി പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 
 
വികസന അജന്‍ഡകളെ ബിജെപി ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ് മോഡി അധികാരത്തിലെത്തിയതെന്നും സര്‍ക്കാരിനെ തുടക്കത്തില്‍ തന്നെ ബുദ്ധിമുട്ടിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഒരു വര്‍ഷം സര്‍ക്കാരിന് വികസനത്തിലും ജനങ്ങളോടുള്ള തെരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനും സമയം നല്‍കും. എന്നാല്‍ ഈ വര്‍ഷം മെയ്ക്ക് ശേഷം അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള ഒരു നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ വിഎച്ച്പി സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നുമാണ് വി‌ച്ച്പിയുടെ അയോധ്യാ ചുമതലയുള്ള  ശാരദ് ശര്‍മ പറയുന്നത് വഎച്ച്പിയുടെ നേതാക്കന്മാരും പ്രധാനപ്പെട്ട സന്യാസിമാരും പങ്കെടുത്ത ഒരു യോഗത്തില്‍ വച്ചാണീ തീരുമാനമെടുത്തതെന്നും ശാരദ് ശര്‍മ പറഞ്ഞു.
 
കൂടാതെ അയോധ്യാ പ്രശ്നം ഒത്തുതീര്‍ക്കുന്നതിനായി ഹഷിം അന്‍സാരിയും അഖാര പരിഷത്ത് തലവനായ ഗ്യാന്‍ ദാസും മുന്‍കൈയെടുത്ത് രൂപം കൊടുത്ത അനുരഞ്ജന പദ്ധതിയോട് എതിര്‍പ്പ് വി‌എച്ച്പി വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്കഭൂമിയില്‍ 100 അടി പൊക്കമുള്ള മതില്‍ കെട്ടി മറച്ച് ക്ഷേത്രവും പള്ളിയും പണിത് പ്രശ്‌നം പരിഹരിക്കാനായിരുന്നു ഹഷിം അന്‍സാരിയുടെയും ഗ്യാന്‍ ദാസിന്റെയും മധ്യസ്ഥത്തില്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.  ഇരുവിഭാഗങ്ങളും ഇതിനോട് ഏതാണ്ട് യോജിപ്പ് പ്രകടിപ്പിക്കുയും ചെയ്തിരുന്നു. പ്രസ്തുത ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും 70 ഏക്കര്‍ ഭൂമി മൊത്തത്തില്‍ തങ്ങള്‍ക്ക് വേണമെന്നുമാണ് വിച്ച്പി പറയുന്നത്. 
 
അയോധ്യയിലെ പഞ്ചകോശി പരിക്രമയ്ക്ക് പുറത്ത് മാത്രമെ പള്ളി നിര്‍മ്മിക്കാവൂ എന്ന നിലപാടില്‍ ഉറച്ചു നിക്കുകയാണ് സംഘടന. എന്നാല്‍ വിഎച്ച്പിയെ ഉള്‍പ്പെടുത്താതെയുള്ള യാതൊരു വിധ ഒത്തുതീര്‍പ്പ് ശ്രമങ്ങളും പ്രാവര്‍ത്തികമാകില്ലെന്നാണ് ഉത്തര്‍പ്രദേശിലെ അഡീഷണല്‍ അഡക്കേറ്റ്. ജനറലും ആള്‍ ഇന്ത്യ മുസ്ലിം പഴ്‌സണല്‍ ലോ ബോര്‍ഡ് കൗണ്‍സെലുമായ സഫാര്‍യാബ് ജിലാനി പറയുന്നത്. വി‌എച്ച്പി നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ അയോധ്യ പ്രശ്നം വീണ്ടും കീറമുട്ടിയായിരിക്കുകയാണ്.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.