രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടവേ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ തലവനുമായ എം കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ വീട്ടിലെത്തിയാണ് രജനി അദ്ദേഹത്തെ കണ്ടത്.
ഡി എം കെയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായ എം കെ സ്റ്റാലിനും രജനിയുടെ സന്ദര്‍ശനസമയത്ത് കരുണാനിധിക്കൊപ്പമുണ്ടായിരുന്നു. താന്‍ കരുണാനിധിയെ മാത്രമാണ് കണ്ടതെന്നും സ്റ്റാലിനുമായി സംസാരിച്ചില്ലെന്നും രജനികാന്ത് വെളിപ്പെടുത്തി.
“നമ്മുടെ രാജ്യത്തെ ഏറ്റവും സീനിയറായ രാഷ്ട്രീയ നേതാവാണ് കരുണാനിധി. ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള സൌഹൃദമുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ഞാന്‍ അദ്ദേഹത്തിന്‍റെ അനുഗ്രഹം തേടി. കരുണാനിധിയെ സന്ദര്‍ശിക്കാനായതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്” - രജനികാന്ത് പ്രതികരിച്ചു.