ക്ലിനിക്കില്‍ ചികിത്‌സയ്‌ക്കെത്തിയ 10 വയസുകാരനെ ഡോക്‍ടറുടെ മകന്‍ വെടിവച്ചു

ഗേളി ഇമ്മാനുവല്‍
വ്യാഴം, 2 ജൂലൈ 2020 (18:36 IST)
ഒരു ഡോക്ടറുടെ മകൻ ക്ലിനിക്കിൽ വെടിയുതിർത്തതിനെത്തുടർന്ന് രാജസ്ഥാനിലെ അൽവാറിൽ 10 വയസുള്ള ആൺകുട്ടിക്ക് വെടിയേറ്റു. ഡോക്‍ടറായ പിതാവിനെ ലക്ഷ്യം വച്ചാണ് മകന്‍ വെടിവച്ചതെങ്കിലും അത് അബദ്ധത്തില്‍ രോഗത്തിന് ചികിത്സ തേടിയെത്തിയ 10 വയസുകാരന്‍റെ ശരീരത്തില്‍ തറയ്‌ക്കുകയായിരുന്നു.
 
ഡോക്‍ടര്‍ മഹേഷ് റാത്തോഡിന്റെ മകൻ ആദിത്യയാണ് ധോൽപൂരിലെ ക്ലിനിക്കില്‍ വച്ച് പിതാവിന് നേരെ വെടിയുതിർത്തത്. പിതാവിനോട് ആദിത്യ തനിക്ക് 50 ലക്ഷം രൂപയും ഒരു കാറും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ മഹേഷ് റാത്തോഡ് തയ്യാറായില്ല. ഇതാണ് ആദിത്യയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
 
10 വയസുകാരനായ തരുൺ ശർമ ഒരു രോഗത്തിന് ചികിത്സ തേടി ഡോ. മഹേഷ് റാത്തോഡിന്റെ ക്ലിനിക്കിലെത്തിയതായിരുന്നു. തരുണിനെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡോക്‍ടറുടെ മകൻ ആദിത്യ അകത്തേക്ക് വന്നു.
 
50 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ആദിത്യ പിതാവിന് ഒരു കുറിപ്പ് കൈമാറി. എന്നാല്‍ മഹേഷ് റാത്തോഡ് ഇതിന് വിസമ്മതിച്ചപ്പോൾ ആദിത്യ തോക്കെടുത്ത് വെടിയുതിര്‍ത്തു. ലക്‍ഷ്യം തെറ്റിയ വെടിയുണ്ട തരുണിന്‍റെ ശരീരത്തില്‍ തറച്ചുകയറി. സംഭവത്തിന് ശേഷം ആദിത്യ ഓടി രക്ഷപ്പെട്ടു.
 
സംഭവത്തിന് ശേഷം ക്ലിനിക്കിലെത്തിയ പൊലീസ് റാത്തോഡിന്റെയും സംഭവസമയത്ത് ക്ലിനിക്കിലുണ്ടായിരുന്ന രോഗികളുടെയും മൊഴിയെടുത്തു.  പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.
 
വെടിയേറ്റ തരുണ്‍ ശര്‍മ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article