Rahul Gandhi: രാഹുൽ ഒഴിയുന്ന സീറ്റിൽ പ്രിയങ്ക എത്തുമോ? തീരുമാനം നാളെ

അഭിറാം മനോഹർ

വെള്ളി, 14 ജൂണ്‍ 2024 (15:07 IST)
രാഹുല്‍ ഗാന്ധി ഒഴിയുന്ന പാര്‍ലമെന്റ് മണ്ഡലം ഏതാകുമെന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കുമെന്ന് റിപ്പോര്‍ട്ട്. റായ് ബറേലിയാണോ വയനാടാണോ രാഹുല്‍ ഒഴിവാക്കുക എന്നതില്‍ ഇതുവരെയും അദ്ദേഹം മനസ്സ് തുറന്നിട്ടില്ല. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാക്കളില്‍ ഒരാളെന്ന നിലയില്‍ ഉത്തരേന്ത്യയിലെ സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്തുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
 
 രാഹുല്‍ ഗാന്ധി ഏതെങ്കിലും മണ്ഡലത്തില്‍ തന്റെ സീറ്റ് കൈവിടുകയാണെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ പകരം സ്ഥാനാര്‍ഥിയാക്കണമെന്ന വികാരമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉള്ളത്. ഇക്കാര്യത്തിലും നാളെ മാത്രമെ തീരുമാനം അറിയുകയുള്ളു. വയനാട് തന്റെ പ്രിയപ്പെട്ട മണ്ഡലമാണെന്ന് കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. എങ്കിലും പാര്‍ട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ റായ് ബറേലി മണ്ഡലമാകും നിലനിര്‍ത്തുക.
 
 രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ഒഴിവാകുന്ന സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് കേരളത്തില്‍ നിന്നടക്കം ആവശ്യമുണ്ടെങ്കിലും പ്രിയങ്കാ ഗാന്ധി ലോകസഭയിലേക്ക് മത്സരിക്കുന്നതില്‍ സോണിയാ ഗാന്ധി പൂര്‍ണ്ണസമ്മതം നല്‍കിയിട്ടില്ല. കുടുംബത്തില്‍ നിന്നും മൂന്ന് പേര്‍ ഒരേസമയം പാര്‍ലമെന്റില്‍ വേണ്ട എന്നതാണ് സോണിയാ ഗാന്ധിയുടെ നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍