കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനത്തിനിടെ ഉറങ്ങിയത് വിവാദമാകുന്നു. ഗുജറാത്തിലെ ഉനയിൽ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദളിത് യുവാക്കളെ മർദ്ദിച്ച സംഭവം ചര്‍ച്ച ചെയ്യുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംസാരിക്കുമ്പോള്‍ രാഹുൽ ഗാന്ധി സഭയിരുന്ന് ഉറങ്ങിയത്.
രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയും മറ്റ് പാർട്ടി എം.പിമാരും ഉറക്കെ പ്രതിഷേധിക്കുമ്പോള്‍ രാഹുല്‍ ഒന്നുമറിയാതെ ഉച്ചമയക്കത്തിലായിരുന്നു. മറ്റു നേതാക്കൾ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചപ്പോഴും രാഹുൽ ഒന്നും മിണ്ടാതെ ഉറങ്ങുകയായിരുന്നു.
രാഹുല്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാർട്ടിക്ക് നാണക്കേടായി. രാഹുൽ ഗാന്ധി ഉറങ്ങുകയായിരുന്നില്ലെന്ന് പാർട്ടി നേതാവ് രേണുക ചൗധരി പറഞ്ഞു. പാർലമെന്റിൽ ഇത്രയും വലിയ ബഹളം നടക്കുമ്പോള്‍ ഒരാൾക്ക് എങ്ങനെ ഉറങ്ങാനാവുമെന്നും അവർ ചോദിച്ചു. അതേസമയം, രാഹുലിന്റെ ഉറക്കത്തിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.