അലോക് വര്‍മയെ മാറ്റിയത് റഫേൽ ഇടപാടില്‍ കുടുങ്ങുമോയെന്ന ഭയം മൂലം; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (20:15 IST)
റഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കുന്നതു തടയാനാണു സിബിഐ തലപ്പത്ത് നിന്നും അലോക് വർമയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

റാഫേൽ കരാറില്‍ പിടിക്കപ്പെടുമെന്ന് ഭയന്നാണ് സർക്കാർ അടിയന്തരമായി അർദ്ധരാത്രിയിൽ നടപടി സ്വീകരിച്ചത്. അനില്‍ അംബാനിക്ക് 30,000 കോടി രൂപയാണ് റഫേല്‍ ഇടപാടില്‍ മോദി നേടിക്കൊടുത്തത്.
പ്രധാനമന്ത്രിക്ക് ജനങ്ങളെ പറ്റിച്ച് രക്ഷപ്പെടാനാകില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

അലോക് വര്‍മ്മയെ മാറ്റിയത് നിയമവിരുദ്ധമാണ്. സിബിഐ ഡയറക്ടറെ മാറ്റാന്‍ അധികാരം സര്‍ക്കാരിനില്ല. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പടെയുള്ള പാനലിന് മാത്രമേ സിബിഐ ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കാന്‍ അധികാരമുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.

റാഫേൽ കരാര്‍ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് തിടുക്കപ്പെട്ട് സിബിഐയിൽ അഴിച്ചുപണി നടത്താന്‍ മോദിയെ പ്രേരിപ്പിച്ചത്. കേസിൽ മോദിക്കെതിരെ ശേഖരിച്ചിരുന്ന തെളിവുകളും പ്രധാനമന്ത്രിയുടെ അനുയായികൾ സിബിഐ ഉദ്യോഗസ്ഥരിൽ നിന്ന് തട്ടിയെടുത്തുവെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.

 സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മോദിയെ രക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ പ്രതിപക്ഷമെന്ന നിലയിൽ ഇതിന് പിന്നിലെ കള്ളക്കളി പുറത്തുകൊണ്ട് വരുമെന്നും രാഹുല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article