സി ബി ഐ ഡയറക്ടറെ നീക്കംചെയ്ത സംഭവം: നിയമാനുസൃതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുർബലപെടുത്തുന്നുവെന്ന് മുഖ്യമന്ത്രി

വ്യാഴം, 25 ഒക്‌ടോബര്‍ 2018 (14:54 IST)
അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഡയറക്ടറെ അര്‍ദ്ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
 
നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നിയമിതനാകുന്ന സിബിഐ ഡയറക്ടര്‍ക്ക് രണ്ടുവര്‍ഷം തല്‍സ്ഥാനത്ത് തുടരാന്‍ നിയമപരമായ അവകാശമുണ്ട്. 
 
മാത്രമല്ല നിയമനശുപാര്‍ശ നല്‍കിയ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമേ സ്ഥലം മാറ്റാനോ നീക്കം ചെയ്യാനോ പാടുള്ളു എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഡെൽഹിസ്പെഷ്യം പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റിലെ സെക്ഷൻ 4B യുടെ ലംഘനമാണ് നടന്നിട്ടുള്ളത് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട മറ്റൊരു സ്ഥാപനമായ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇതിനു കൂട്ടുനിന്നു എന്നുള്ളത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും. ഈ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍