2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ അപ്രതീക്ഷിത നീക്കവുമായി ഇടതുമുന്നണി. പ്രമുഖ ഹോട്ടല്‍ വ്യവസായിയും ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എന്‍.എം.ആര്‍ റസാഖിനെ പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ മത്സരിച്ച പി. സരിനെ ഒഴിവാക്കിയാണ് ഇത്തവണ റസാഖിനെ രംഗത്തിറക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
എന്‍.എം.ആര്‍ റസാഖിന്റെ വരവോടെ പാലക്കാട് മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദി ഒരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനപ്രിയ താരം രമേശ് പിഷാരടിയും എന്‍ഡിഎയ്ക്കായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. പ്രമുഖ വ്യവസായി എന്ന നിലയിലുള്ള വ്യക്തിബന്ധങ്ങളും പ്രാദേശിക സ്വാധീനവും വോട്ടാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. കൂടാതെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും ഇതിലൂടെ വിള്ളലുണ്ടാക്കാമെന്നും എല്‍ഡിഎഫ് കണക്കാക്കുന്നുണ്ട്.
താന്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു എംഎല്‍എ ആയിരിക്കുമെന്നാണ് സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ എന്‍.എം.ആര്‍ റസാഖ് പ്രതികരിച്ചത്. പാലക്കാട് ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണെന്നും പാര്‍ട്ടി നിര്‍ദേശപ്രകാരം ഉടന്‍ തന്നെ സജീവ പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാടിന് പുറമെ കൊടുവള്ളി മണ്ഡലത്തില്‍ സലീം മടവൂരിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നേരത്തെ പ്രചാരണം ആരംഭിച്ച രമേശ് പിഷാരടി വലിയ ആത്മവിശ്വാസത്തിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്നും സത്യം തെളിയട്ടെയെന്നും പിഷാരടി പറഞ്ഞു. മണ്ഡലത്തില്‍ തന്റെ എതിരാളി ബിജെപിയാണെന്നും മമ്മൂട്ടിയുള്‍പ്പടെയുള്ളവരുമായി സംസാരിച്ചു. എന്നാല്‍ പ്രചാരണത്തിന് ആരെയും നിര്‍ബന്ധിച്ച് എത്തിക്കില്ലെന്നും പിഷാരടി വ്യക്തമാക്കി.
അതേസമയം ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ബിജെപി ജില്ലാ അധ്യക്ഷനായ പ്രശാന്ത് ശിവന്റെ അസാന്നിധ്യം ബിജെപിക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. വിഷയം പാര്‍ട്ടിയിലെ അസ്വാരസ്യത്തിന്റെ സൂചനയാണെങ്കിലും കാര്യങ്ങള്‍ നല്ല രീതിയിലാണ് പോകുന്നതെന്ന് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചിരുന്ന പ്രശാന്തിനെ വെട്ടിയാണ് ശോഭയെ മത്സരരംഗത്തേക്ക് കൊണ്ടുവന്നത്. പ്രശാന്തിന് പകരം കൊടുക്കുമെന്ന് കരുതിയ നെന്മാറ സീറ്റ് ബിഡിജെഎസ് വിട്ടുനല്‍കിയിരുന്നില്ല.