ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു നാളെ തുടക്കമാകും. ഡിസംബർ 20 വരെയാണ് സമ്മേളനം. വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഏതു ഭാഷയും എളുപ്പത്തിൽ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠനവും പതിയെ ആരംഭിച്ചതായാണ് വിവരം. തന്നെ ജയിപ്പിച്ച ജനങ്ങളോട് സംവദിക്കുന്നതിനായാണ് പ്രിയങ്ക മലയാളം പടിക്കുന്നതെന്നാണ് റിപ്പോർട്ട്.
പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വയനാട് ലോക്സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയക്കൊടി പാറിച്ചത്. രാഹുൽ ഗാന്ധിയെയും മറികടന്നുകൊണ്ടായിരുന്നു ഇത്.
വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 622338 വോട്ടുകള്‍ പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിനു ലഭിച്ചത്.