പ്രധാനമന്ത്രി നരേന്ദ്ര മോഡി റിസര്‍വ് ബാങ്കിന്റെ ആത്മാവിനെ കൊലപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഋഷികേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലിലൂടെ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തു.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ആര്‍ ബി ഐ സ്വയം ഭരണാധികാരമുള്ള സംവിധാനമായിരുന്നു. ഒറ്റനിമിഷം കൊണ്ട് ആര്‍ ബി ഐയുടെ ആത്മാവിനെ തന്നെ മോഡി കൊലപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, ആര്‍ എസ് എസിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ത്തി. സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷം ആസ്ഥാനമന്ദിരത്തില്‍ ദേശീയപതാക ഉയര്‍ത്താത്തവരാണ് ആര്‍ എസ് എസുകാര്‍. നാഗ്‌പൂരിലെ ആര്‍ എസ് എസിന്റെ ആസ്ഥാനമന്ദിരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നിട്ടില്ല. അവര്‍ സല്യൂട് ചെയ്ത് ശീലിച്ചത് കാവി പതാകയെയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.