ഹൈദരാബാദിലെ ചാര്‍മിനാര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗുല്‍സാര്‍ ഹൗസ് കെട്ടിടത്തില്‍ ഇന്ന് രാവിലെ 6 മണിയോടെ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 17 പേര്‍ വെന്ത് മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 7 പേരുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുല്‍സാര്‍ ഹൗസിലെ ഒരു മുത്ത് വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തം ആരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു തെരുവാണിത്. കടയിലുണ്ടായ തീ പിന്നീട് മുകളിലെ കെട്ടിടങ്ങളിലേക്ക് പടര്‍ന്നു. പുലര്‍ച്ചെ സമയമായതിനാല്‍ പലരും ഉറക്കത്തിലായിരുന്നു. പുക കെട്ടിടം മുഴുവന്‍ മൂടിയപ്പോള്‍ മാത്രമാണ് അപകടത്തിന്റെ ആഴം മനസ്സിലാകുന്നത്.
ഇതുവരെ 17 പേരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരുടെ പട്ടികയില്‍ രാജേന്ദ്രകുമാര്‍ (67), സുമിത്ര (65), മുന്നീ ഭായ് (72), അഭിഷേക് മോദി (30), ബാലു (17), ശീതള്‍ ജെയിന്‍ (37) എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പലരും തീപ്പിടുത്തത്തില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്.12 യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഉടന്‍ തീയണയ്ക്കാന്‍ എത്തിയെങ്കിലും, പുകയുടെ തീവ്രത കാരണം കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വീടുകളില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചതായി മന്ത്രി പൊന്നം പ്രഭാകര്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡീ പ്രഖ്യാപിച്ചു. പരുക്കേറ്റവരെ ഒസ്മാനിയ മെഡിക്കല്‍ കോളജ്, ഹൈദര്‍ഗുഡ, ഡിആര്‍ഡിഒ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍ക്കാര്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.