കൊലപാതകികളെ പിന്തുണയ്ക്കുന്നു, മോദി യഥാർത്ഥ ഹിന്ദു അല്ല: ആഞ്ഞടിച്ച് പ്രകാശ് രാജ്

Webdunia
വെള്ളി, 19 ജനുവരി 2018 (08:40 IST)
താനൊരു ഹിന്ദു വിരുദ്ധനാണെന്ന ആരോപണങ്ങൾ തള്ളി നടൻ പ്രകാശ് രാജ്. ബിജെപി പറയുന്നത് താനൊരു ഹിന്ദു വിരുദ്ധനാണെന്നാണ്, എന്നാൽ താൻ മോദി, അമിത് ഷാ, ഹെ‍ഡ്ഗെ വിരുദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഒരിക്കലും ഹിന്ദുക്കളെന്നു വിളിക്കാൻ സാധിക്കില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. 
 
മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം മോദിയെ പിന്തുണയ്ക്കുന്നവർ ആഘോഷമാക്കിയപ്പോൾ പ്രതികരിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു തയാറായില്ലെന്ന് പ്രകാശ് രാജ് ആരോപിക്കുന്നു. യഥാർഥ ഹിന്ദുവിന് അത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
 
ഇന്നലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി നടൻ കമൽഹാസൻ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെങ്കില്‍ ദ്രാവിഡ സ്വത്വത്തിനു കീഴിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്നായിരുന്നു കമൽ പറഞ്ഞത്. 
 
തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ ദ്രാവിഡ സ്വത്വത്തിന് കീഴില്‍ ഒന്നിച്ചാല്‍ കേന്ദ്രത്തിന്റെ അവഗണനകളെ നേരിടാന്‍ സാധിക്കും. ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ദ്രാവിഡരാണ്. ഒന്നിച്ചു നിന്നാല്‍ ഡൽഹിയോടു ചങ്കൂറ്റത്തോടെ സംസാരിക്കാനുള്ള കരുത്ത്  നമുക്കുണ്ടാകുമെന്നും കമല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article