കോൺഗ്രസുമായി രാഷ്ട്രീയപരമായി ധാരണ വരുത്തണമെന്ന വിഷയത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ച്, ശക്തമായി വാദിച്ച് വാദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും നേര്‍ക്കുനേര്‍. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍, കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎമ്മിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
വിഎസ് അച്യുതാനന്ദന്‍ ഒഴികെയുള്ള 175 കേരള പ്രതിനിധികളും നിലവില്‍ കാരാട്ട് പക്ഷത്തോടൊപ്പമാണ്. ഇതിന് നേതൃത്വം കൊടുക്കുന്നതാവാട്ടെ പിണറായി വിജയനും. പിണറായി വിജയന്റെ നിലപാട് യെച്ചൂരിയെ വെള്ളം കുടിപ്പിക്കുമെന്ന് സാരം.
കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ സാധ്യമല്ലെന്ന് കാരാട്ട് വ്യക്തമാക്കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് നിലപാട് ആവര്‍ത്തിച്ചത്. സീതാറാം യെച്ചൂരി അവതരിപ്പിക്കുന്നത് ബദല്‍രേഖയല്ല, പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിന്റെ അഭിപ്രായം മാത്രമാണെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
കേരള ഘടകം, യെച്ചൂരിക്ക് എതിരാണെങ്കിലും ബംഗാള്‍ ഘടകം പൂര്‍ണമായും സീതാറാം യെച്ചൂരിയെ പിന്തുണയ്ക്കുന്നവരാണ്. ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് സഖ്യമാവാമെന്ന നിലപാട് തന്നെയാണ് അവര്‍ സ്വീകരിക്കുന്നത്.
കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരിയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേരള ഘടകത്തില്‍ നിന്ന് മുറവിളി ഉയരാന്‍ സാധ്യതയുണ്ട്. തന്റെ നിലപാടിന്‍മേല്‍ വിമര്‍ശന കൂമ്പാരങ്ങള്‍ വന്നാല്‍ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയാനുള്ള നീക്കവും യെച്ചൂരി നടത്തിയേക്കാം.