കരുണയിൽ ബൽറാമിനോട് '‌കരുണയില്ലാതെ' ശബരീനാഥന്‍

ശനി, 7 ഏപ്രില്‍ 2018 (12:23 IST)
കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ‌വിടി ബൽറാം എംഎൽഎയെ തള്ളി കോൺഗ്രസ്‌ നേതാക്കൾ. പാര്‍ട്ടിയിലും നിയമസഭ സമ്മേളത്തിനിടയിലും ‌പലവട്ടം ബിൽ ചർച്ച ചെയ്‌തിരുന്നുവെന്നും എന്നാൽ അന്നൊന്നും എതിർപ്പ് ‌പ്രകടിപ്പിക്കാതെ  നിയമസഭയില്‍ വന്നു സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്ന് ‌കോൺഗ്രസ് എം എൽ എ ശബരീനാഥന്‍ ‌വ്യക്തമാക്കി.
 
യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോള്‍ വീണ്ടും കല്ലെറിയാന്‍ ഞാനില്ല. അതുകൊണ്ട് ട്രോളുകള്‍ക്കു സ്വാഗതം. ഞാന്‍ ഏതായാലും കൈയ്യടിവാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശബരീനാഥന്‍ വ്യക്തമാക്കി. നേരത്തെ അങ്കമാലി എംഎൽഎ റോജി എം ജോണും ബൽറാമിനെതിരെ ‌രംഗത്തെത്തിയിരുന്നു.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോര്‍ക്കുന്ന അവസരങ്ങള്‍ ചുരുക്കമാണ് . SBTയെ SBIയില്‍ ലയിപ്പിക്കുന്ന അവസരത്തില്‍ ഞാന്‍ അടക്കമുള്ള സാമാജികര്‍ ഒരുമിച്ചുനിന്ന് SBTയുടെ നിലനില്‍പ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
 
കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഓര്‍ഡിനന്‍സ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോള്‍ ഭരണപക്ഷത്തിന് പ്രഹരം ഏല്പിക്കാന്‍ പറ്റിയ ഒരു അവസരമായിക്കണ്ട് ‘attack’ ചെയ്തു എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടുംമുണ്ടായിരുന്നില്ല. കൈയ്യടിവാങ്ങുവാനും ഇതായിരുന്നു എളുപ്പം. അതിനുപകരം ‘വിദ്യാര്‍ത്ഥികളുടെ ഭാവി’ എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്തിപരമായ അഭിപ്രായവ്യതാസങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തില്‍ സ്വീകരിച്ചത്.
 
ഈ വിഷയത്തില്‍ കോടതിയുടെ പ്രഹരം ഏല്‍ക്കേണ്ടി വരും എന്നൊരു സംശയം നിലനില്‍ക്കെതന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മള്‍ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സര്‍ക്കാര്‍ നിലപാടിനെതിരായി.
 
ഇത് ഒരു രാത്രികൊണ്ട് UDF എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല് UDF പലവട്ടം ചര്‍ച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല.
 
കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 MLAമാര്‍ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഒരു നിലപാട് ഒരുമിച്ചു നമ്മള്‍ എടുത്തു;ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മള്‍ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തില്‍ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസം.
 
PS: UDF ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോള്‍ വീണ്ടും കല്ലെറിയാന്‍ ഞാനില്ല. അതുകൊണ്ട് ട്രോളുകള്‍ക്കു സ്വാഗതം. ഞാന്‍ ഏതായാലും കൈയ്യടിവാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍