New Parliament: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്, ദില്ലിയില്‍ കനത്ത സുരക്ഷ

Webdunia
ഞായര്‍, 28 മെയ് 2023 (09:06 IST)
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ കെട്ടിടം രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ ഏഴര മുതല്‍ പൂജ ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങില്‍ ആദ്യാവസാനം പ്രധാനമന്ത്രി പങ്കെടുക്കും. ഇരു ചേംബറുകളും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ സ്ഥാപിക്കും. സ്മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
 
ഇന്നലെ നടന്ന ചടങ്ങില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയിരുന്നു. അതേസമയം പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കും. ബഹിഷ്‌കരണ ആഹ്വാനം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രതികരിച്ചു. അതേസമയം അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ലോകം ഉറ്റുനോക്കുന്ന ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കണമെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.
 
പ്രതിപക്ഷ ബഹിഷ്‌കരണത്തിന്റെയും ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഡ്യവുമായി കര്‍ഷക സംഘടനകള്‍ ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധവും പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ന് കനത്ത ജാഗ്രതയിലാണ്. പുലര്‍ച്ചെ അഞ്ചര മുതല്‍ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹിയുടെ അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷാ വിന്യാസം ശക്തമാക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article