മദ്യ നിരോധനം: ലഹരി ലഭിക്കാനായി ആളുകള്‍ ആശ്രയിക്കുന്നത് ബാര്‍സോപ്പുകളും പേപ്പറുകളും; ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്ത്!

Webdunia
വ്യാഴം, 7 ഏപ്രില്‍ 2016 (16:24 IST)
സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ബിഹാറില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്ത്‍. മദ്യനിരോധനം മൂലം സംസ്ഥാനത്ത് മദ്യലഭ്യതയില്‍ വലിയ കുറവ് വന്നുയെങ്കിലും നിരന്തരം മദ്യം കഴിച്ചിരുന്നവര്‍ക്ക് വലിയ മാനസിക സംഘര്‍ഷമാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മദ്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന്‌ ലഹരി ലഭിക്കാത്തതിനാല്‍ നിരവധി ആളുകള്‍ക്ക്‌ പരിഭ്രമം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു‍. മദ്യം ഉപയോഗിക്കുന്നതില്‍ നിന്നും മുക്തി നേടാനായി നിരവധി പേരാണ് ചികിത്സ തേടി ഡീ അഡിക്ഷന്‍ സെന്ററുകളെ സമീപിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മദ്യത്തിനു പുറമേ ലഹരി ലഭിക്കാനായി മറ്റുവഴികള്‍ തേടി പോകുന്ന ആളുകളുടെ എണ്ണവും അനുദിനം വര്‍ദ്ധിക്കുന്നുയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഹരിക്കായി പല ആളുകളും സോപ്പും പേപ്പറും കഴിക്കുകയും സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍, സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത മാരകമായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളതെന്ന റിപ്പോര്‍ട്ടുകളാണ് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ നിന്നും പുറത്തുവരുന്നത്.

ഇന്നലെ മാത്രം 750ഓളം പേര്‍ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടിയെത്തിയെന്ന് കണക്കുകള്‍ പറയുന്നു. 38 പുതിയ ഡീ അഡിക്ഷന്‍ സെന്ററുകളാണ് മദ്യ നിരോധനം ഏര്‍പ്പെടുത്തിയ അന്നു മുതല്‍ ബിഹാറില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌ഥിരമായി മദ്യം കഴിച്ചിരുന്ന യുവാവ്‌ ഇപ്പോള്‍ മദ്യം ലഭിക്കാത്തത് മൂലം ലഹരി ലഭിക്കുന്നതിനായി കയ്യില്‍ കിട്ടുന്നതെന്തും കഴിക്കുകയാണെന്ന് മാതാപിതാക്കള്‍ പറയുന്നു.

ജനങ്ങളെ മദ്യപാനത്തില്‍ നിന്ന്‌ രക്ഷിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച 150 ഡോക്‌ടര്‍മാരെയും 45 കൗണ്‍സിലേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്‌. കൂടുതല്‍ നെഴ്‌സുമാരെയും ഡി അഡിക്ഷന്‍ സെന്ററുകളിലേക്ക്‌ അയക്കാന്‍ തീരുമാനമായി‌. ജില്ലാ ആശുപത്രികളിലെ ബെഡുകളുടെ എണ്ണം 10 മുതല്‍ 20 എണ്ണം വരെ കൂട്ടാനും തീരുമാനമായിട്ടുണ്ട്‌.