വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് വ്യാപിക്കാനിരിക്കെ ഇന്ന് പ്രതിപക്ഷ സംഘടനകള്‍ രാഷ്ട്രപതിയെ കാണും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാനവ വിഭവ ശേഷി മന്ത്രിയുമായി സംസാരിച്ച് വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം ജാമിയ മില്ലിയക്കു പുറത്തെ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തതാണ് നിലവിലുള്ള ചിത്രം.
പ്രതിപക്ഷ നേതാക്കള്‍ക്ക് ഇന്ന് രാഷ്ട്രപതി സന്ദര്‍ശനാനുമതി നല്‍കിയാല്‍ സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ നയിച്ച സമരം കൂടുതല്‍ കരുത്തോടെ തെരുവിലേക്കെത്തുന്നതിന്റെ തുടക്കമായി അത് മാറും.
ബംഗാളില്‍ ഇന്നു മുതല്‍ മമതാ ബാനര്‍ജി കൂടുതല്‍ നഗരങ്ങളിലേക്ക് റാലികളുമായി ഇറങ്ങുന്നുണ്ട് . ദേശീയ പൗരത്വ പട്ടികയുടെ ആദ്യഘട്ട നടപടികള്‍ ബംഗാളില്‍ ആരംഭിക്കാനിരുന്ന കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം പിന്നാക്കം പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നതായാണ് വാര്‍ത്തകള്‍.