ജെയ്​ഷയുടെ ആരോപണം: കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു, ഏഴു ദിവസത്തിനികം റിപ്പോർട്ട് സമർപ്പിക്കും

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:10 IST)
ഒളിമ്പിക്​സ്​ മാരത്തൺ മത്സരത്തിനിടെ ഇന്ത്യൻ അധികൃതർ കുടിവെള്ളം പോലും നൽകിയില്ലെന്ന മലയാളി താരം ഒപി ജെയ്​ഷയുടെ ആരോപണത്തെക്കുറിച്ച്​ അന്വേഷിക്കാൻ കേന്ദ്ര കായിക മ​ന്ത്രി വിജയ്​ ഗോയൽ നിര്‍ദേശം നല്‍കി.

സ്പോർട്സ് ജോയിന്റ് സെക്രട്ടറി ഓംകാർ കേഡിയ, സ്പോർട്സ് ഡയറക്ടർ വിവേക് നാരായൺ എന്നിവരെ ഉള്‍പ്പെടുത്തിയ  രണ്ടംഗ കമ്മിറ്റിയാണ് ജെയ്​ഷയുടെ ആരോപണത്തെക്കുറിച്ച്​ അന്വേഷിക്കുക. ഏഴു ദിവസത്തിനികം റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിന് നിർദേശം നൽകിയെന്നും വിജയ്​ ഗോയൽ പറഞ്ഞു.

റിയോ ഒളിമ്പിക്​ വനിതകളുടെ മാരത്തൺ മത്സരത്തിനിടെ കുടിവെള്ളം പോലും നൽകാൻ ഇന്ത്യൻ അധികൃതർ തയ്യാറായിരുന്നില്ലെന്നാണ് ജെയ്ഷ വെളിപ്പെടുത്തിയത്. മറ്റു രാജ്യങ്ങൾ തങ്ങളുടെ താരങ്ങൾക്കു വെള്ളവും മറ്റുമായി കൂടെത്തന്നെ നിന്നപ്പോൾ ഇന്ത്യക്ക് വേണ്ടി ഓടിയ തനിക്ക് ഒരു തുള്ളി വെള്ളം നൽകാൻ പോലും ആരുമുണ്ടായില്ല.

മത്സരശേഷം മൂന്നു മണിക്കൂർ നേരമാണു താൻ അബോധാവസ്‌ഥയിൽ കിടന്നത്. റിയോയിലെ സംഘാടക സമിതിയിലെ ആളുകളാണു തന്നെ രക്ഷിച്ചതെന്നും അവർ തന്റെ ശരീരത്തിൽ കുത്തിവച്ച ഏഴു ബോട്ടിൽ ഗ്ലൂക്കോസാണു തന്നെ എഴുന്നേൽപ്പിച്ചു നടത്തിയതെന്നും ജെയ്ഷ പറഞ്ഞിരുന്നു.
Next Article