ഓണ്‍ലൈന്‍വ്യാപാരത്തിന് നിയന്ത്രണം വരുന്നു!

Webdunia
വെള്ളി, 18 ജൂലൈ 2014 (11:45 IST)
വിദേശ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍വ്യാപാരത്തിന് നിയന്ത്രണം വരുന്നു. ഇതു സംബന്ധിച്ച സൂചനകള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച നിവേദനം സ്വീകരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
 
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവിലുള്ള സാമ്പത്തികക്രമക്കേടുകള്‍ തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ മന്ത്രിയേ സമീപിച്ചത്. വര്‍ഷത്തില്‍ 60,000 കോടി രൂപയുടെ ഓണ്‍ലൈന്‍ വ്യാപാരം രാജ്യത്ത് നടക്കുന്നുണ്ടെന്നും എന്നാല്‍ കേരളത്തില്‍ മാത്രം കേരളത്തില്‍ 4000 കോടി രൂപയുടെ ഓണ്‍ലൈന്‍വ്യാപാരമാണ് നടക്കുന്നത്. 
 
എന്നാല്‍ നികുതിയായി ഖജനാവില്‍ എത്തേണ്ട 8700 കോടിയോളം രൂപ ലഭിക്കുന്നില്ല എന്നും മന്ത്രിയെ ഇവര്‍ ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍നിര്‍മിത ഉത്പന്നങ്ങള്‍ക്കുമാത്രമായി ഓണ്‍ലൈന്‍ വ്യാപാരം അനുവദിക്കുന്ന തരത്തിലേക്ക് വ്യവസ്ഥകള്‍ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു.
 
ചില്ലറവില്പനരംഗത്തെ വിദേശനിക്ഷേപം നിയന്ത്രിക്കുമെന്ന് ജെയ്റ്റ്‌ലി ഉറപ്പു നല്‍കിയതായി പി. കരുണാകരന്‍ എം.പി അറിയിച്ചു. ബഹുബ്രാന്‍ഡ് ഉത്പന്നങ്ങളില്‍ വിദേശനിക്ഷേപമുണ്ടാവില്ല. അതേസമയം, ഏകബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്കുള്ള വിദേശനിക്ഷേപം ഒഴിവാക്കാന്‍ കഴിയില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. പി.രാജീവ് എം.പി, വ്യാപാരി വ്യവസായി സമിതി സംസ്ഥാനപ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ഇ.എസ്. ബിജു, ജോ.സെക്രട്ടറി സി.എ. ജലീല്‍ എന്നിവരും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്നു.