രാജ്യത്തെ കോവിഡ് വ്യാപനം ഗുരുതരമാണെന്നും സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും മുംബൈയില്‍ നിന്നുള്ള വനിത ഡോക്ടര്‍. പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റ് ആയ ഡോ.തൃപ്തി ഗിലാഡയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
'ഞങ്ങള്‍ നിസഹായരാണ്...ഇതുപോലൊരു അവസ്ഥ മുന്‍പൊന്നും നേരിട്ടിട്ടില്ല... ജനങ്ങള്‍ പരിഭ്രാന്തരാണ്,' വീഡിയോയില്‍ ഡോക്ടര്‍ പറയുന്നു.
'എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല...മറ്റെല്ലാ ഡോക്ടര്‍മാരെയും പോലെ ഞാനും ആകുലപ്പെടുന്നു..ഹൃദയം തകരുന്നതുപോലെ... ഒരുപാട് രോഗികളെ ഒരേസമയം ചികിത്സിക്കേണ്ടിവരുന്നു...വളരെ ഗുരുതരമായി രോഗം ബാധിച്ചവരെ പോലും വീടുകളില്‍ ചികിത്സിക്കേണ്ട അവസ്ഥയുണ്ട്. കാരണം, ആശുപത്രികളില്‍ കിടക്ക സൗകര്യം ഇല്ല. ഓക്‌സിജന്‍ ക്ഷാമവും മരുന്ന് ക്ഷാമവും ഉണ്ട്. ഇത് എങ്ങനെ മറികടക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല,' വീഡിയോയില്‍ പറയുന്നു.
കരഞ്ഞുകൊണ്ടാണ് ഡോക്ടറുടെ വീഡിയോ. പലപ്പോഴും കരച്ചില്‍ അടക്കാന്‍ സാധിക്കാതെ സംസാരം മുറിഞ്ഞുപോകുന്നു. ഇടയ്ക്കിടെ കണ്ണുകള്‍ തുടയ്ക്കുന്നു. 'നിങ്ങള്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലെങ്കില്‍, രോഗം ബാധിച്ച് പിന്നീട് നെഗറ്റീവ് ആയെങ്കില്‍ സൂപ്പര്‍ഹീറോസ് ആണ് എന്ന് കരുതി അമിത ആത്മവിശ്വാസം കാണിക്കരുത്. രോഗപ്രതിരോധശേഷി കൂടുതല്‍ ആയതുകൊണ്ടാണ് കോവിഡ് ബാധിക്കാത്തത് എന്ന് നിങ്ങള്‍ വിചാരിക്കരുത്. എത്രയോ യുവാക്കളെയാണ് ഈ രോഗം ബാധിക്കുന്നത്. സ്ഥിരം കാണുന്ന കാഴ്ചയാണ്. അതുകൊണ്ട് എല്ലാവരും സുരക്ഷിതരായി ഇരിക്കുക,' ഡോ.തൃപ്തി പറഞ്ഞു.
വീട്ടില്‍ നിന്ന് എന്ത് ആവശ്യത്തിനു പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണം. മൂക്ക് പൂര്‍ണമായി മാസ്‌ക് കൊണ്ട് മൂടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. കോവിഡിന്റെ രണ്ടാം തരംഗം എല്ലായിടത്തും രൂക്ഷമാണെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.