പരിഭ്രാന്തിയില്‍ നഗരങ്ങള്‍; എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കുതിച്ചുയരും

ബുധന്‍, 21 ഏപ്രില്‍ 2021 (10:22 IST)
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍. പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികള്‍ സജ്ജമായിരിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. രോഗവ്യാപനം ദിനംപ്രതി കൂടിയേക്കാം. അഞ്ച് ജില്ലകളില്‍ അതിജാഗ്രത വേണമെന്നും മുന്നറിയിപ്പ്. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് അതിജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. 
 
അതേസമയം, സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയാണ്. പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്നാണ് പല കേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചിരിക്കുന്നത്. വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ നല്‍കുന്നത്.
 
രോഗവ്യാപനം തീവ്രമായി തുടരുന്നതിനാല്‍ സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്തുന്നത് തുടരും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നുനില്‍ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കോവിഡ് കോര്‍ കമ്മിറ്റിയോഗം നിര്‍ദേശിച്ചു. 

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം. രാത്രി കര്‍ഫ്യു കൂടാതെ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും ആലോചനയിലുണ്ട്. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉടന്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍