രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് മോദി

രേണുക വേണു
ശനി, 20 ഏപ്രില്‍ 2024 (14:02 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പോടെ വയനാട്ടിലും തോറ്റ് രാഹുല്‍ ഗാന്ധി മറ്റൊരു മണ്ഡലം തേടിപ്പോകേണ്ടി വരുമെന്ന് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
പ്രതിപക്ഷ സഖ്യത്തിലെ പല നേതാക്കളും ലോക്‌സഭ വിട്ട് രാജ്യസഭയില്‍ അഭയം തേടുകയാണെന്ന് സോണിയ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. അമേഠിക്കു ശേഷം കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വയനാട്ടിലും തോല്‍ക്കാന്‍ പോകുകയാണ്. ഏപ്രില്‍ 26 നു ശേഷം അദ്ദേഹം വേറൊരു സീറ്റ് തേടും. പ്രതിപക്ഷ സഖ്യത്തിലെ പല നേതാക്കളും മത്സരിക്കാന്‍ മടിക്കുകയാണെന്നും മോദി പറഞ്ഞു. 
 
കോണ്‍ഗ്രസ് ഭരണത്തില്‍ ചെയ്തുവെച്ച കാര്യങ്ങള്‍ തിരുത്താനായി തനിക്കു പത്തു വര്‍ഷം വേണ്ടിവന്നെന്ന് മോദി പറഞ്ഞു. ഒരുപാടു കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു. രാജ്യത്തെ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും വികസനത്തിനു തടസ്സമായി കോണ്‍ഗ്രസ് നില്‍ക്കുകയായിരുന്നു. ഇനി അതുണ്ടാവില്ല. കാര്‍ഷിക പ്രതിസന്ധി ഇനി സംഭവിക്കില്ലെന്നും മോദി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article