ഷെയ്ഖ് ഹസീന രാജിവെച്ച സാഹചര്യത്തില്‍ നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രിയാകും. ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ആഭ്യന്തര പ്രക്ഷോഭത്തിനു അയവു വരുമെന്നാണ് സൈന്യത്തിന്റേയും വിലയിരുത്തല്‍. പ്രക്ഷോഭകാരികളുടെ ആവശ്യം കണക്കിലെടുത്ത് സൈനിക നേതൃത്വത്തിലും വ്യാപക അഴിച്ചുപണി ഉണ്ടാകും.
ബംഗ്ലാദേശില്‍ പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥികള്‍ മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകാരികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാണ് സൈന്യം മുഹമ്മദ് യൂനുസിന്റെ പേര് പ്രസിഡന്റിനോടു നിര്‍ദേശിച്ചത്. ഇടക്കാല സര്‍ക്കാരിന്റെ പ്രതിനിധിയായി മുഹമ്മദ് യൂനുസിനെ പ്രസിഡന്റ് നിയമിച്ചതായി പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചു.
അതേസമയം ബംഗ്ലാദേശ് വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുകയാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു. ബംഗ്ലാദേശിലെ ഓരോ സംഭവവികാസങ്ങളും സസൂക്ഷമം നിരീക്ഷിച്ച ശേഷം മാത്രം എന്തെങ്കിലും നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.