'നുണയ്ക്കുള്ള പണി വരുന്നുണ്ട്'; കേരളത്തിനെതിരായ പ്രസ്താവനയില്‍ അമിത് ഷായ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്

രേണുക വേണു

ശനി, 3 ഓഗസ്റ്റ് 2024 (08:50 IST)
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കേരളം കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. രാജ്യസഭാ എംപി ജയ്റാം രമേശാണ് അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റില്‍ അമിത് ഷാ തെറ്റിദ്ധാരണ പരത്തിയെന്നും ഇത് പദവിയുടെ ലംഘനമാണെന്നും ജയറാം രമേശ് ആരോപിച്ചു. 
 
'കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണ്', രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധങ്കറിന് നല്‍കിയ കത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. 
 
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ പാര്‍ലമെന്റില്‍ വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയത്. പ്രകൃതിക്ഷോഭത്തെ കുറിച്ച് കേരളത്തിന് ഏഴുദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞത്. കേരളം മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍