ഡൽഹി: മലനിരകളിലെ യുദ്ധമുറകളിൽ അതി വൈദഗ്ധ്യം നേടിയ പ്രത്യേക സേനാംഗങ്ങളെ കിഴക്കൻ ലഡാക്കിലെ അതിർത്തിയിലേയ്ക്ക് അയയ്ക്കാൻ ഇന്ത്യ, 17 മൗണ്ടൻ സ്ട്രൈക് കോർപ്സിലെ ബ്രഹ്മാസ്ത്ര കോറിനെയാണ് സംഘർഷം നിലനിൽക്കുന്ന ഇന്ത്യ ചൈന അതിർത്തിയിലേയ്ക്ക് അയയ്ക്കുന്നത്. ഇന്ത്യ ചൈന അതിർത്തിയിൽ ഏത് പ്രതികൂല സാഹചര്യത്തിലും നിലയുറപ്പിയ്ക്കാൻ കഴിവുള്ള സേനാ വിഭാഗമാണ് ഇത്.
അതി ശൈത്യത്തിലും കുത്തനെയുള്ള മലനിരകളിൽ യുദ്ധം ചെയ്യുന്നതിനായി പ്രത്യേക പരീശീലനം ലഭിച്ച സൈനികരാണ് 17 മൗണ്ടൻ സ്ട്രൈക് കോർപ്സിലുള്ളത്. ചൈനയെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക സേന വിഭാഗത്തെ അതിർത്തിയിലേക്ക് അയയ്ക്കന്നത്. കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പുർ, നാഗാലൻഡിലെ ദിമാപുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സേനാ കോറുകൾ പ്രതിരോധത്തിനായാണ് നിലകൊള്ളുന്നത് എങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ ശക്തമായ തിരിച്ചടി നൽകുകയാണ് മൗണ്ടൻ സ്ട്രൈക് കോർപ്സിന്റെ ലക്ഷ്യം.