21 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചട്ടം. അവധി ദിനങ്ങള്‍ കുറച്ച് കൂടുതല്‍ ജോലി ചെയ്യാനാണ് മോഡി മന്ത്രിമാരോട് ആവശ്യപ്പെട്ടത്. ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മുന്‍നിര്‍ത്തിയാണ് മോഡിയുടെ നല്ലനടപ്പ്.
അവധി ദിനങ്ങളുടെ എണ്ണം കുറച്ച് പൊതു അവധി ദിനങ്ങളിലും കൂടുതല്‍ ജോലി ചെയ്യാനാണ് മോഡി ആവശ്യപ്പെടുന്നത്. മോഡി അധികാരമേറ്റ ശേഷം സര്‍ക്കാരിന്റെ പ്രധാന പരിപാടികളില്‍ പലതും പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലുമാണ് നടത്താറുള്ളത്. കൂടുതല്‍ ജോലി ചെയ്ത് ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചു കഴിഞ്ഞാല്‍ അവധിയെടുക്കുന്നത് പരമാവധി ഒഴിവാക്കി സഭയില്‍ ഹാജരാകാനും മോഡി ആവശ്യപ്പെട്ടിട്ടുണ്ട്. സഭയിലെ ചോദ്യോത്തര വേളയില്‍ ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങളെ നേരിടാന്‍ ഒരുങ്ങിവരാനും നിര്‍ദേശമുണ്ട്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാകാതെ കിടക്കുന്ന ബില്ലുകളിന്‍മേല്‍ ഉചിതമായ തീരുമാനങ്ങളെടുക്കണം. പ്രധാനപ്പെട്ട പല ബില്ലുകളും പരിഗണനയ്ക്കു വരാനിരിക്കെ സമ്മേളനം പ്രശ്നങ്ങളൊന്നും കൂടാതെ നടത്താനാണ് മോഡി ലക്ഷ്യമിടുന്നത്.
സഹമന്ത്രിമാരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാനും മോഡി കാബിനറ്റ് മന്ത്രിമാരോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയങ്ങളുമായി പരിചയപ്പെടുന്ന രീതിയില്‍ ഇവരെയും വകുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനാണ് നിര്‍ദേശം.