മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മോഡിക്കെതിരെ എഡിറ്റോറിയല്‍ എഴുതിയ ന്യൂയോര്‍ക്ക് ടൈംസ് ഇപ്പോള്‍ മോഡിയെ വാഴ്ത്തിപ്പാടുന്നു. ഇന്ത്യ ഏഷ്യയ്ക്ക് നല്‍കിയത് കരുത്തനായ നേതാവിനേയാണെന്നും മോഡിയിലൂടെ ഇന്ത്യ അടുത്ത വന്‍ശക്തി രാജ്യമാകുമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. മോഡിയിലൂടെ ഇന്ത്യ രക്ഷപെടുമെന്നും ലോകത്തെ അടുത്ത വന്‍ശക്തിയായി മാറുമെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് കരുതുന്നത്.
ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന് വിലയിരുത്തപ്പെടുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥ തളരുകയും ബ്രസീല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്നതിനുമിടെ റഷ്യ അമേരിക്കയുടെ പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധത്താല്‍ വട്ടം ചുറ്റുകയും ചെയ്യുമ്പോള്‍ ഏഷ്യയില്‍ മികച്ച രീതിയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ നാണ്യമായ രൂപയും സ്റ്റോക്ക്മാര്‍ക്കറ്റും കരുത്തുകാട്ടുന്നതും ലോകത്തുള്ള വിവിധ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടങ്ങുന്നതും ഭാവിയിലേക്കുള്ള ശുഭസൂചനയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണെന്നും അടുത്ത മാസങ്ങളിലായി ചൈനയുടെ സാമ്പത്തിക് കുതിപ്പിനൊപ്പം നില്‍ക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ ചെറുകിട ഫാക്ടറികള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം പുതിയ സര്‍ക്കാറിന്റെ കടന്നുവരവോടെ ഇല്ലെന്നാണ് അമേരിക്കന്‍ പത്രത്തിന്റെ നിരീക്ഷണം. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെങ്കിലും രാജ്യത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങള പത്രം പിന്തുണ നല്‍കുന്നു. കൂടാതെ മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ അടക്കം പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത് എന്ന് പത്രം പറയുന്നു.
പ്രധാനമന്ത്രിയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും അഴിമതി ഇല്ലാതാക്കാനുള്ള ശ്രമവും സാമ്പത്തിക മേഖലയ്ക്കും ഗുണം ചെയ്യും. അടിസ്ഥാന കാര്യങ്ങളില്‍ മോഡി ശ്രദ്ധ ഊന്നുന്നതും ശ്രദ്ധേയമാണ് എന്നാണ് പത്രം നിരീക്ഷിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ ബജറ്റ് എങ്ങനെയാകുമെന്ന് കാത്തിരിപ്പിലാണ് വ്യവസായ ലോകം. പുതിയ ഹൈവേകളും തുറമുഖങ്ങളും നിര്‍മ്മിക്കുന്നത് അടക്കമുള്ള വികസന കാര്യങ്ങളെ കുറിച്ചും ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.
അടുത്തിടെ മികച്ച വ്യവസായ അന്തരീക്ഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യ മുന്നേറ്റം നടത്തിയിരുന്നു. 189 രാജ്യങ്ങളില്‍ 142-)ം സ്ഥാനത്തേക്കുള്ള മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. അതേസമയം വ്യവസായികള്‍ പൂര്‍ണ്ണമായും ആഗ്രഹിക്കുന്നത് തൊഴില്‍ നിയമങ്ങളിലെ പൊളിച്ചെഴുത്തും വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന തടസ്സങ്ങളുമാണ്. ഭൂമി ഏറ്റെടുക്കല്‍ നയത്തില്‍ മോഡി മാറ്റം വരുത്തുമെന്ന പ്രതീക്ഷയും വ്യവസായ ലോകം വച്ചുപുലര്‍ത്തുന്നുണ്ട്.
അടുത്തിടെ നോക്കിയ കമ്പനിക്ക് തമിഴ്‌നാട്ടില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിലെ ഫാക്ടറി അടച്ചുപൂട്ടുന്ന ഘട്ടത്തില്‍ കമ്പനിക്ക് വന്‍തുക തന്നെ നഷ്ടമപരിഹാരമായി നല്‍കേണ്ടി വന്നത് വ്യവസായികളെ അലോസരപ്പെടുത്തിയെന്നാണ് ന്യൂയോര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. അതേസമയം തന്റെ ഭരണപരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ മോഡി നേരിടുന്ന പ്രധാന തടസം രാജ്യസഭയിലെ മേല്‍ക്കൈ ഇല്ലായ്മയാണെന്നും അമേരിക്കന്‍ പത്രം ചൂണ്ടിക്കാട്ടുന്നു.
നിര്‍ണ്ണായക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കാന്‍ ചെറുകക്ഷികളുടെ പേലും സഹായം തേടേണ്ട അവസ്ഥയാണ് ഉള്ളത്. ഏറെ പ്രതീക്ഷകളുമായാണ് മോഡിയെ ഇന്ത്യയിലെ ജനങ്ങള്‍ അധികാരത്തില്‍ എത്തിച്ചത്. രാജ്യത്തെ മുന്നോട്ട് നയിക്കുവാന്‍ മോഡിയില്‍ പ്രതീക്ഷ അര്‍പ്പിക്കുമ്പോള്‍ കുറച്ചുകൂടി സമയം വേണമെന്നാണ് ബിജെപി നേതാക്കള്‍ തന്നെ ആവശ്യപ്പെടുന്നതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.