പ്രശസ്‌തി വര്‍ദ്ധിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഈവന്റ് മാനേജ്മെന്റുകളെ ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ മോദിയെ ഉള്‍കൊള്ളിച്ചുള്ള പരസ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 1,100 കോടി രൂപ.
2014 ജൂണ്‍ ഒന്ന് മുതല്‍ 2016 ഓഗസ്റ്റ് 31 വരെ പരസ്യങ്ങള്‍ക്ക് ചെലവഴിച്ച തുകയാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചിരിക്കുന്നത്. ടെലികാസ്റ്റ്/ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മറ്റു ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മാത്രം ചെലവഴിച്ച തുകയാണ് 1,100 കോടി രൂപ.
പ്രിന്റ് മീഡിയ പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ബുക്ക്‌ലെറ്റുകള്‍, കലണ്ടറുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവയ്‌ക്കായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമായിട്ടില്ല. ഇതിന്റെ കണക്ക് കൂടി പുറത്തുവന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിലാകും. അത്രയ്‌ക്കും ഭീമമായ തുകയാണ് പരസ്യങ്ങള്‍ക്കും പ്രശസ്‌തിക്കുമായി മോദി സര്‍ക്കാര്‍ ചെലവിടുന്നത്.
ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന് ചെലവിട്ട തുക 450 കോടിയാണ്. അപ്പോള്‍ 1,100 കോടി രൂപ മുടക്കി പ്രശസ്‌തിക്കുമായി മോദി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തുമെന്ന് വ്യക്തമാണ്. അതേസമയം, ഈ കണക്കിനെക്കുറിച്ച് സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ തയാറായിട്ടില്ല.