+92, +375 സൂക്ഷിക്കുക ഈ നമ്പരുകളെ, അല്ലെങ്കില്‍ പണികിട്ടും...!

Webdunia
ശനി, 21 ഫെബ്രുവരി 2015 (14:53 IST)
+92, +375 എന്നീ നമ്പരുകളില്‍ നിന്ന് കോള്‍ വന്നാല്‍ എടുക്കരുതെന്നും മിസ് കോള്‍ കണ്ടാല്‍ തിരിച്ച് വിളിയ്ക്കരുതെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)  മുന്നറിപ്പ് നല്‍കി. ഇത്തരം നമ്പരില്‍ തുടങ്ങുന്ന കോളുകള്‍ ഭൂരിഭാഗവും തട്ടിപ്പുകാരുടേതാനെന്നും ഉപഭോക്താക്കളെ കബളിപ്പിക്കുന്നതാണെന്നും ട്രായ് മുന്നറിയിപ്പില്‍ പറയുന്നു. 'വണ്‍ റിങ് സ്‌കാം' എന്ന പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിയ്ക്കുകയാണ് ഇത്തരം നമ്പരുകളിലൂടെ ചെയ്യുന്നതെന്നാണ് ട്രായ് പറയുന്നത്.
 
'പ്ളീസ് കോള്‍ മീ ദിസ് ഈസ് അര്‍ജന്റ്' എന്നിങ്ങനെയുള്ള സന്ദേശങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിയ്ക്കും. തിരികെ വിളിച്ചാലോ ബാലന്‍സ് പോകുന്നതുള്‍പ്പടെ പല കെണികളിലും അകപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ട്രായ് മുന്നറിയിപ്പ് നല്‍കുന്നത്. മാത്രമല്ല ഇത്തരം കോളുകള്‍ അശ്ലീല സൈറ്റുകളിലേക്ക് ഡയറക്ട് ചെയ്യപ്പെടുമെന്നും ഇത് മാനഹാനികള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
 
ആഫ്രിക്കയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘമാണ് ഇത്തരം കോള്‍ തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര ബന്ധങ്ങളുള്ളതിനാല്‍ ഇവയ്ക്കെതിരെ നടപടികള്‍ എടുക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇത്തരം കോളുകള്‍ അവഗണിയ്ക്കുകയാണ് തട്ടിപ്പിനിരയാകാതിരിയ്ക്കാനുള്ള മാര്‍ഗം. മിസ്ഡ് കോള്‍ കണ്ടാല്‍ തിരികെ വിളിയ്ക്കാനുള്ള ആളുകളുടെ പ്രവണത ചൂഷണം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.