ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?

അഭിറാം മനോഹർ

ചൊവ്വ, 7 ജനുവരി 2025 (20:27 IST)
Justin Trudeau- Anita Anand
കാനഡ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യന്‍ വംശജ അനിത അനന്ദും. അനിത ഉള്‍പ്പടെ അഞ്ചുപേരുടെ പേരാണ് പ്രധാനമന്ത്രി സ്ഥാനത്തിലേക്ക് പറഞ്ഞുകേള്‍ക്കുന്നത്. കാനഡ പാര്‍ലമെന്റിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിതയാണ് തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ്.
 
 നിലവില്‍ ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ ഗതാഗതം, ആഭ്യന്തര വ്യാപാരം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയാണ് അനിത ആനന്ദ്. പ്രതിരോധമന്ത്രിയായും മുന്‍പ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2019ല്‍ രാഷ്ട്രീയത്തിലെത്തിയ അനിത ലിബറല്‍ പാര്‍ട്ടിയുടെ ശക്തരായ നേതാക്കളില്‍ ഒരാളാണ്. 2021ല്‍ കനേഡിയന്‍ പ്രതിരോധമന്ത്രിയായിരിക്കെ റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ യുക്രെയ്‌ന് കാനഡ പിന്തുണ നല്‍കിയിരുന്നു.
 
 അതേസമയം 2015 മുതല്‍ കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ രാജിവെയ്ക്കുമ്പോള്‍ കുടിയേറ്റമടക്കമുള്ള വിഷയങ്ങളില്‍ ഇനി കാനഡയുടെ സമീപനം എങ്ങനെയാകുമെന്ന ആശങ്ക കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ട്. ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ഖലിസ്ഥാനി നേതാവ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു. കനേഡിയന്‍ വംശജരെ ബാധിക്കുന്ന വിഷയങ്ങളില്‍ ട്രൂഡോയുടെ ഇടപെടലുകള്‍ കാര്യക്ഷമമല്ലെന്ന വിലയിരുത്തലുകള്‍ക്കൊടുവിലാണ് രാജി.
 
 ട്രൂഡോയ്ക്ക് ശേഷം ലിബറല്‍ പാര്‍ട്ടി തന്നെ ഭരിക്കുകയാണെങ്കില്‍ നിലവിലെ ഇന്ത്യ- കാനഡ നയതന്ത്രബന്ധം ആരോപണങ്ങളും വിവാദങ്ങളോടും തുടരാനാണ് സാധ്യത. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കൈകളിലേക്ക് മാറ്റമുണ്ടായാല്‍ വിദേശനയങ്ങളില്‍ മാറ്റമുണ്ടാകും. ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യക്കെതിരെ നടത്തിയ നീക്കങ്ങളില്‍ എതിര്‍പ്പുള്ള പിയറി പോയ്ലിവറാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍