വിശാലിന്റെ ഓഫീസിലെ റെയ്‌ഡിന് പിന്നില്‍ ബിജെപിയോ ?; വെളിപ്പെടുത്തലുമായി ജിഎസ്ടി ഇന്റലിജന്‍സ് രംഗത്ത്

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (18:47 IST)
മെര്‍സലിന്റെ വ്യാജ പതിപ്പ് കണ്ടുവെന്ന് പരസ്യമായി പറഞ്ഞ ബിജെപി നേതാവ് എച്ച് രാജയെ ചോദ്യം ചെയ്തതിന്റെ പേരില്‍ നടനും തമിഴ്‌ സിനിമാ താരങ്ങളുടെ സംഘടനയായ ‘നടികര്‍ സംഘം’ നേതാവുമായ വിശാലിന്റെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ജിഎസ്ടി ഇന്റലിജന്‍സ് യൂണിറ്റ് രംഗത്ത്.

വിശാലിന്റെ ഓഫീസില്‍ നടന്ന റെയ്‌ഡ് ഒരു വര്‍ഷത്തെ പരിശോധനയുടെ തുടര്‍ച്ചയാണ്. അദ്ദേഹം സിനിമാ നിര്‍മ്മാതാവും വിതരണക്കാരനും ആയതിന് ശേഷം നടത്തിയ ഇടപാടുകളുടെ കണക്കുകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്‌തത്. സര്‍വീസ് ടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടോ എന്നും പരിശോധന നടത്തി. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ജിഎസ്ടി ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി.

അതേസമയം, വെള്ളിയാഴ്ച ഹാജരാകാന്‍ ആദായ നികുതി വകുപ്പ് വിശാലിന് നോട്ടീസ് അയച്ചു.

വിജയ് ക്രിസ്‌ത്യാനിയായതിനാലാണ് മെര്‍സല്‍ എന്ന ചിത്രത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വോഷ പ്രചാരണം നടത്തുന്നതെന്ന രാജയുടെ പ്രസ്‌താവന വിവാദമായിരുന്നു. ഇതിന് പിന്നാലെ താന്‍ ചിത്രം ഇന്റര്‍നെറ്റിലൂടെ കണ്ടുവെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.

ഇതിനെ ചോദ്യം ചെയ്‌താണ് വിശാല്‍ രംഗത്ത് എത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ നേതാവ് പരസ്യമായി സമ്മതിക്കുന്നു താന്‍ മെര്‍സല്‍ കണ്ടത് വ്യാജ പതിപ്പാണെന്ന്. ഇത് വിഷമകരമാണ്. ഇനി പൈറസി നിയമപരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വിശാല്‍ ചോദിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article