ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത് ?, എന്റെ പേര് മാറ്റിയിട്ടില്ല; മെര്‍സല്‍ വിവാദത്തില്‍ വിജയുടെ പ്രതികരണം പുറത്ത്!
ചൊവ്വ, 24 ഒക്ടോബര്‍ 2017 (16:20 IST)
തമിഴ് സിനിമയെ പിടിച്ചു കുലുക്കിയ മെർസൽ വിവാദത്തില്‍ നടന് വിജയ് പ്രതികരണം നടത്തിയതായി സ്ഥിരിക്കാത്ത റിപ്പോര്‍ട്ട്. ചിത്രത്തിന് പിന്തുണ നല്‍കാനായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകനും സുഹൃത്തുമായ ഒരാളോട് താരം തന്റെ നിലപാട് വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
സിനിമയ്ക്കെതിരെയും തനിക്കെതിരെയും പ്രചാരണം നടത്തുന്നത് ചില സങ്കുചിത താല്‍പ്പര്യക്കാരാണ്. തന്റെ പേര് ഒരിക്കലും മാറ്റിയിട്ടില്ല. മതത്തേക്കാള്‍ മനുഷ്യനെയാണ് ആദ്യം സ്നേഹിക്കേണ്ടത്. എന്നാല്‍, താന്‍ എന്തോ കുറ്റം ചെയ്തു എന്ന തരത്തിലാണ് ഇപ്പോള്‍ വിവാദങ്ങള്‍ നടക്കുന്നതെന്നും വിജയ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മെർസൽ വിവാദത്തില്‍ വിജയ്ക്കെതിരെ ബിജെപി വിദ്വോഷ പ്രചാരണം അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ താരത്തിന്റെ പിതാവും മുതിർന്ന സംവിധായകനുമായ എസ്എ ചന്ദ്രശേഖർ രംഗത്ത് എത്തിയിരുന്നു.
മെര്‍സല്‍ എന്ന സിനിമയെ ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണ്. നേതാക്കളുടെ ഈ പ്രവര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണ്. എച്ച് രാജയെപ്പോലെയുള്ള ബിജെപി നേതാക്കള്‍ വളരെ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്. ഒരു വ്യക്തിയുടെ മതത്തിന്റെ പേരിൽ അയാളെ ചോദ്യം ചെയ്യാൻ പാടില്ല. ഞാൻ ക്രിസ്ത്യാനിയല്ല, ഞാൻ ഹിന്ദുവല്ല, ഞാൻ മുസ്ലിമല്ല, ഞാൻ മനുഷ്യനാണെന്നും ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ ചന്ദ്രശേഖർ പറഞ്ഞിരുന്നു.
നരേന്ദ്ര മോദി ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ്. രാജ്യത്ത് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹം സമയം ചെലവഴിക്കുമ്പോള്‍ ചില ചെറിയ നേതാക്കള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്രശേഖർ തിങ്കളാഴ്ച വ്യക്തമാക്കി.