ബിജെപിക്ക് ചുട്ട മറുപടിയുമായി വിജയുടെ പിതാവ് രംഗത്ത്; വിവാദങ്ങള്‍ക്കിടെ ഇളയദളപതിക്കെതിരെ കേസ്
തിങ്കള്‍, 23 ഒക്ടോബര്‍ 2017 (20:23 IST)
തമിഴ് സിനിമയെ പിടിച്ചു കുലുക്കിയ മെർസൽ വിവാദത്തില്‍ നടന് വിജയ്ക്കെതിരെ ബിജെപി വിദ്വോഷ പ്രചാരണം അഴിച്ചുവിട്ട സാഹചര്യത്തില്‍ പ്രതികരണവുമായി താരത്തിന്റെ പിതാവും മുതിർന്ന സംവിധായകനുമായ എസ്എ ചന്ദ്രശേഖർ രംഗത്ത്.
മെര്‍സല്‍ എന്ന സിനിമയെ ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണ്. നേതാക്കളുടെ ഈ പ്രവര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണ്. എച്ച് രാജയെപ്പോലെയുള്ള ബിജെപി നേതാക്കള്‍ വളരെ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്. ഒരു വ്യക്തിയുടെ മതത്തിന്റെ പേരിൽ അയാളെ ചോദ്യം ചെയ്യാൻ പാടില്ല. ഞാൻ ക്രിസ്ത്യാനിയല്ല, ഞാൻ ഹിന്ദുവല്ല, ഞാൻ മുസ്ലിമല്ല, ഞാൻ മനുഷ്യനാണെന്നും ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ ചന്ദ്രശേഖർ പറഞ്ഞു.
നരേന്ദ്ര മോദി ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ്. രാജ്യത്ത് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹം സമയം ചെലവഴിക്കുമ്പോള്‍ ചില ചെറിയ നേതാക്കള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.
വിജയ് ക്രിസ്ത്യാനിയായതിനാലാണ് മെര്‍സല്‍ എന്ന ചിത്രത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വോഷ പ്രചാരണം നടത്തുന്നതെന്ന രാജയുടെ പ്രസ്താവന.
അതേസമയം, മെര്‍സല്‍ സിനിമയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിജയ്ക്കെതിരെ മധുര പൊലീസ് കേസെടുത്തു. ചിത്രത്തില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ താരം മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുത്തുകുമാര്‍ എന്ന അഭിഭാഷകന് നല്കിയ പരാതിയിലാണ് കേസ്.
ചികിത്സ കിട്ടാതെ കുട്ടികള്‍ മരിക്കുന്ന നാട്ടില്‍ ഇനി ക്ഷേത്രങ്ങളല്ല ആശുപത്രികളാണ് പണിയേണ്ടതെന്ന ചിത്രത്തിലെ വിജയുടെ ഡയലോഗാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്.