കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് കുമാര്‍ മിശ്രയും ബിജെപിയും പ്രതിക്കൂട്ടിലായ ലഖിംപുര്‍ ഖേരി സംഭവത്തില്‍ നേരിട്ട് വിമർശനമുയർത്തിയതിന് പിന്നാലെ മനേക ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് പുറത്തുവിട്ട പുതിയ 80 അംഗ നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടികയിലാണ് ഇരുവരും ഉള്‍പ്പെടാതിരുന്നത്.
ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പുര്‍ എംപിയാണ് മനേക. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മനേകയെ രണ്ടാം മോദി സർക്കാരിൽ ഉൾപ്പെടുത്തിയിരുന്നില്ല. മൂന്ന് തവണ എംപിയായിട്ടുള്ള വരുൺ ഗാന്ധിക്കും അവസരം നൽകിയിരുന്നില്ല.
ഇതിനിടെ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുര്‍ വിഷയത്തില്‍ വരുണ്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ ഏറ്റെടുത്താണ് വരുൺ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപി ദേശീയ എക്‌സിക്യൂട്ടിവിൽ നിന്നും വരുണിനേയും അമ്മയേയും മാറ്റി നിര്‍ത്തിയിരിക്കുന്നത്.