ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു, കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും

ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (17:27 IST)
സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകും എന്ന അഭ്യൂഹങ്ങൾ തള്ളി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ തന്നെ അധ്യക്ഷനായി തുടരും. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചു.  മൂന്നു പേരെ പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാർ ആക്കി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ നേതാക്കൾക്ക് ഭാരവാഹിത്വം നൽകിയിട്ടുണ്ട്.
 
പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് അധ്യക്ഷൻമാരെ മാറ്റിയത്.പി രഘുനാഥ്, ബി. ഗോപാലാകൃഷ്ണൻ, സി ശിവൻകുട്ടി എന്നിവരെയാണ് പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായി  നിയമിച്ചത്. അടുത്തിടെ ബിജെപിയിൽ എത്തിയ  ഡോക്ടർ പ്രമീളാദേവി, ഡോക്ടർ കെ എസ് രാധാകൃഷ്ണൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി തുടരും.
 
കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവർ പുതിയതായി സംസ്ഥാന സെക്രട്ടറിമാർ ആകും.കെ വി എസ് ഹരിദാസ്, സന്ദീപ് വചസ്പതി, ടിപി സിന്ധുമോൾ എന്നിവർ അവർ പുതിയ വക്താക്കൾ ആകും. അതേസമയം സംസ്ഥാന ബിജെപിയിൽ  കൃഷ്ണദാസ് പക്ഷ നേതാക്കളായ എ എൻ  രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.  എം ടി രമേശ് ജനറൽ സെക്രട്ടറിയായി തുടരും.
 
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ഇതിൽ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കാലാവധി പൂർത്തിയാക്കാൻ സുരേന്ദ്രന് കേന്ദ്രനേതൃത്വം അനുമതി നൽകിയെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍