ഇന്ത്യ - പാക് സംഘർഷത്തിൽ മുതലെടുപ്പ് നടത്തി ബിജെപി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനിക വേഷത്തിലെത്തി എം പി

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (08:35 IST)
ഇന്ത്യ - പാകിസ്ഥാൻ സംഘർഷം കൊടുംപിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനിക വേഷത്തിലെത്തിയ ബിജെപി നേതാവ് മനോജ് തിവാരിക്കെതിരെ രൂക്ഷമായ വിമർശനം ഉയരുന്നു. 
 
ദില്ലിയിൽ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് ബൈക്ക് റാലിയിലാണ് ദില്ലി ബിജെപി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി സൈനിക വേഷത്തിൽ എത്തിയത്. ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണവും ഇന്ത്യ നൽകി തിരിച്ചടിയുമെല്ലാം ബിജെപി നേതാക്കൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സത്യമാവുകയാണ്. 
 
ജീവൻ പണയം വെച്ച് സൈന്യം അതിർത്തിയിൽ നടത്തിയ പോരാട്ടങ്ങളെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രെയിൻ ട്വിറ്ററിൽ കുറിച്ചു. ജവാന്മാരെ മുൻനിർത്തി ബിജെപി രാഷ്ട്രീയം കളിക്കുന്നു, എന്നിട്ട് രാജ്യസ്നേഹത്തെ പറ്റി പ്രസംഗിക്കുകയാണെന്നും തൃണമൂൽ എംപി വിമർശിച്ചു. 
 
വിമർശനം ശക്തമായതോടെ വിശദികരണവുമായി തീവാരി രംഗത്ത് എത്തി. താൻ സൈന്യത്തെയോർത്ത് അഭിമാനിക്കുന്നു, സൈന്യത്തോടുള്ള ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചാണ് താൻ സൈനിക വേഷത്തിലെത്തിയതെന്ന് മനോജ് തിവാരി പ്രതികരിച്ചു. ഇങ്ങനെയാണെങ്കിൽ നാളെ ഞാൻ നെഹ്റു ജാക്കറ്റ് ഇട്ടാൽ അത് നെഹ്റുവിനെ അപമാനിക്കുന്നതാണെന്ന് നിങ്ങൾ പറയുമല്ലോയെന്നും തിവാരി ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article