അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. ഡല്‍ഹിയിലെ എകെജി ഭവനിലാണ് മൃതദേഹം ഇപ്പോള്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 നു പാര്‍ട്ടി ആസ്ഥാനത്ത് എത്തുന്ന പതിവുണ്ട് യെച്ചൂരിക്ക്. അവസാന വരവ് 45 മിനിറ്റ് മുന്‍പ് നേരെത്തെയായി. രാവിലെ 10.15 ഓടെ യെച്ചൂരിയുടെ പ്രിയ സഖാക്കള്‍ ചേര്‍ന്ന് മൃതദേഹം എകെജി ഭവനില്‍ എത്തിച്ചു. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍, എം.എ.ബേബി തുടങ്ങിയവര്‍ ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി.
പ്രിയസുഹൃത്തും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് യെച്ചൂരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. വൈകിട്ട് മൂന്ന് വരെ മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നിരവധി നേതാക്കളും നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തും. എകെജി ഭവനിലെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്ര. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി എയിംസ് അധികൃതര്‍ക്കു മൃതദേഹം കൈമാറും.
എല്ലാക്കാലത്തും ശാസ്ത്രബോധത്തിനൊപ്പം സഞ്ചരിച്ച യെച്ചൂരി മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിനു വിട്ടുനല്‍കണമെന്ന് ആഗ്രഹിക്കുകയും അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ ശാസ്ത്ര രംഗത്തെ നൂതന പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ഉപയോഗിക്കുകയാണ് പതിവ്.
ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് സീതാറാം യെച്ചൂരിയുടെ അന്ത്യം. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കൃത്രിമ ശ്വസന സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സെപ്റ്റംബര്‍ 12 വ്യാഴാഴ്ചയാണ് യെച്ചൂരിയുടെ മരണം സ്ഥിരീകരിച്ചത്.