വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കണമെന്ന് ലാലു പ്രസാദ് യാദവ്. തന്റെ ബീഫ് പരാമര്‍ശം ബിജെപി വളച്ചൊടിച്ചെന്നും യാദവനായ തനിക്ക് പശു അമ്മക്ക് തുല്യമാണ്. എന്നാല്‍ പശുവിറച്ചി തിന്നുവെന്നാരോപിച്ചു ദാദ്രിയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ചും സംവരണ വിവാദത്തേയും കുറിച്ച് പ്രധാനമന്ത്രി മൌനം പാലിക്കുകയാണ്. പ്രധാനമന്ത്രിയുടെ മൌനം അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും ലാലു പറഞ്ഞു.
വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹം ദളിത് വിരോധിയാണ്. ബിജെപിയും ആര്‍എസ്എസും ദളിത് വിരോധികളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. തന്റെ ബീഫ് പരാമര്‍ശം ബിജെപി നേട്ടമുണ്ടാക്കാന്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം മോഡിയും അമിത്ഷായും തമ്മിലുള്ള ബന്ധം വഷളാകും. തെരഞ്ഞെടുപ്പിന് ശേഷം മോഡിയുടെ പാര്‍ട്ടിയിലെ പ്രധാന എതിരാളി അമിത്ഷാ ആയിരിക്കുമെന്നും ലാലു പറഞ്ഞു.
അതേസമയം, ദാദ്രി സംഭവത്തെക്കുറിച്ച് പ്രതികരിക്കേണ്ടതു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജോലിയല്ലെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരിക്കാറുണ്ടായിരുന്നോ. രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളേക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.