വെള്ളം തരാമെന്ന് കേരളം, വേണ്ടെന്ന് തമിഴ്നാട്; ചെന്നൈയിൽ പ്രതിഷേധം കനത്തതോടെ ചർച്ചയ്ക്കൊരുങ്ങി തമിഴ്നാട് സർക്കാർ

Webdunia
വെള്ളി, 21 ജൂണ്‍ 2019 (13:39 IST)
കനത്ത വരൾച്ച നേരിടുന്ന ചെന്നൈയ്ക്ക് കൈത്താങ്ങെന്നോണം വെള്ളം സഹായമായി നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്നാട് സർക്കാർ നിരസിച്ചിരുന്നു. ഇതേ തുടർന്ന് തമിഴ്നാട്ടിൽ വൻ പ്രതിഷേധം ഉയർന്നതോടെ കേരളവുമായി ചർച്ചയ്ക്കൊരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. 
 
തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാൽ, ഇപ്പോൾ ആവശ്യമില്ലെന്ന മറുപടിയായിരുന്നു തമിഴ്നാട് സർക്കാരിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. 
 
പ്രതിഷേധം കനത്തതോടെ എന്തുകൊണ്ടാണ് വെള്ളം വേണ്ടെന്ന് പറഞ്ഞതിന്റെ വിശദീകരണവും തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. 5 കോടി ലിറ്റർ വെള്ളമാണ് ചെന്നൈയ്ക്ക് ഒരു ദിവസം വേണ്ടത്. എന്നാൽ, കേരളം ഓഫർ ചെയ്തത് 20 ലക്ഷം മാത്രമായിരുന്നു. എന്നാൽ, ഈ അളവിലുള്ള വെള്ളം തമിഴ്നാടിന് തന്നെ മാനേജ് ചെയ്യാൻ കഴിയുന്നതാണ് എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പക്ഷേ, പ്രതിഷേധം കനത്തതോടെ ചർച്ച നടത്താൻ തയ്യാറായിരിക്കുകയാണ് തമിഴ്നാട് സർക്കാർ. 

അനുബന്ധ വാര്‍ത്തകള്‍

Next Article