ചെന്നൈയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; വെള്ളം ഇല്ലാതെ ഹോട്ടലുകള്‍ പൂട്ടുന്നു

ബുധന്‍, 19 ജൂണ്‍ 2019 (10:48 IST)
ചെന്നൈ നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും മഴ നീണ്ടുപോയാല്‍ സ്ഥിതി എവിടെയെത്തി നില്‍ക്കുമെന്ന ആശങ്കയിലാണു അധികൃതര്‍. ഇന്നലെ ആകാശം മേഘാവൃതമായതും ഒരാഴ്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിലുമാണ് ഇനി പ്രതീക്ഷ.
 
കുടിവെള്ള ക്ഷാമം നഗരത്തിലെ ഹോട്ടലുകളെയും ബാധിച്ചു തുടങ്ങി. ചെറുകിട ഇടത്തരം ഹോട്ടലുകളില്‍ പലതും തല്‍ക്കാലത്തേയ്ക്കു പൂട്ടിയിടാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍. നുങ്കമ്പാക്കത്തു പ്രശസ്തമായ തെന്നകം ഹോട്ടല്‍ ഇതിനകം അടച്ചുപൂട്ടി. ജലക്ഷാമം പരിഹരിക്കുന്നതുവരെ ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന നോട്ടീസ് ഹോട്ടലിനു പുറത്തു തൂക്കിയിട്ടുണ്ട്.
 
നഗരത്തില്‍ പതിനായിരത്തോളം ഇടത്തരം, ചെറുകിട ഹോട്ടലുകളുണ്ടെന്നാണു കണക്ക്. ജലക്ഷാമം രൂക്ഷമായതിനാല്‍ സ്വകാര്യ ടാങ്കറുകള്‍ വന്‍തോതില്‍ വില കൂട്ടിയതാണു ഇവരെ പ്രതിസന്ധിയിലാക്കുന്നത്. നേരത്തെ നല്‍കിയതിന്റെ അഞ്ചിരട്ടി വരെയാണ് ഇപ്പോള്‍ വെള്ളത്തിനായി നല്‍കേണ്ടിവരുന്നത്. ഇതും ഹോട്ടലുകള്‍ അടച്ചിടാന്‍ കാരണമായി.
 
നേരത്തെ ചെറുകിട ഹോട്ടലുകാര്‍ വെള്ളത്തിനായി മാസം 20,000 രൂപവരെയാണു ചെലവാക്കിയിരുന്നത്. ഇപ്പോള്‍ 10 ദിവസത്തേക്കു തന്നെ ഇത്രയും പണം നല്‍കേണ്ടിവരുന്നതായി ഉടമകള്‍ പറയുന്നു. ഇടത്തരം ഹോട്ടലുകളില്‍ വെള്ളത്തിനു മാത്രം ലക്ഷത്തിലേറെ രൂപയാണു ചെലവാകുന്നത്. വന്‍കിട ഹോട്ടലുകള്‍ക്കും പ്രശ്‌നമുണ്ടെങ്കിലും പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങിയിട്ടില്ല.
 
അതിനിടെ, ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ തമിഴ്‌നാട്ടിലെ 10 ജില്ലകളില്‍ രണ്ടു ദിവസം ചുടുകാറ്റു വീശുമെന്ന് മുന്നറിയിപ്പ്. താപനില ആറു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അതിനാല്‍, രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നതു പരമാവധി കുറയ്ക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
20 മുതല്‍ ചെന്നൈയിലുള്‍പ്പെടെ പകല്‍ താപനില പടിപടിയായി കുറയും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വെല്ലൂര്‍, തിരുവണ്ണാമല തുടങ്ങിയ ജില്ലകളിലാണു ചൂടുകാറ്റ് പ്രവചിച്ചിരിക്കുന്നത്. നിലവില്‍ 40 ഡിഗ്രിയിലേറെ താപനിലയിലുള്ള ഈ ജില്ലകളില്‍ ഇതു 45 ഡിഗ്രിവരെ ഉയരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍