എസ്ഐ അടക്കം രണ്ടു പേരെ വെട്ടി; ചെന്നൈയില്‍ ക്രിമിനല്‍ കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
ശനി, 15 ജൂണ്‍ 2019 (16:24 IST)
എസ്ഐ അടക്കം രണ്ടു പൊലീസുകാരെ വെട്ടി പരുക്കേല്‍പ്പിച്ച ക്രിമിനല്‍ കേസ് പ്രതിയെ വെടിവച്ചു കൊന്നു. പത്തോളം കേസുകളില്‍ ഉള്‍പ്പെട്ട വള്ളരശനാണ് ഇന്നു പുലര്‍ച്ചെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു വ്യാസര്‍പാടി മജിസ്ട്രേറ്റ് ഉത്തരവിട്ടു.
ചെന്നൈ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്‌റ്റാന്‍ഡിനു സമീപം പുലര്‍ച്ചെയാണ് സംഭവം. വെള്ളരശ് വടിവാള്‍ വീശി ആളുകളെ ഭീഷണിപെടുത്തുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനായ പൗണ്‍രാജിനു വെട്ടേറ്റു.
ഗുരുതര പരുക്കുകളുമായി പൗണ്‍രാജിനെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ എസ്ഐ. പ്രേം കുമാര്‍ ദീപന്റെ കൂടുതല്‍ പൊലീസ് പ്രദേശത്ത് എത്തി തിരിച്ചില്‍ ആരംഭിച്ചു. ഒളിച്ചിരുന്ന വെള്ളരശ് വടി വാളുമായി എസ്ഐയെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പ്രതിക്ക് നേര്‍ക്ക് സര്‍വീസ് തോക്കു വെടിയുതിര്‍ത്തു. ഇതിനിടെ വെള്ളരശിന്റെ കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.
വെള്ളരശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകവും കൊള്ളയുമടക്കം വ്യാസര്‍പാടി പൊലീസ് സ്‌റ്റേഷനില്‍ പത്തോളം കേസ് ഇയാള്‍ക്കെതിരെയുണ്ട്.