ജമ്മു കശ്മീരി വീണ്ടും പൊലീസുകാര്‍ക്ക് നേരെ ഭീകരാക്രമണം. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അംഷിപ്പോറ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്.
ഇതിന് ശേഷം തീവ്രവാദികള്‍ രക്ഷപ്പെട്ടു. സംഭവത്തേ തുടര്‍ന്ന് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്ന് സുചനകളുണ്ട്. രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം കത്വയിലും സാംബയിലും തീവ്രവാദികള്‍ പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയിരുന്നു.
കശ്മീരില്‍ പുതിയതായി ഭരണമേറ്റ ബിജെപി- പിഡിപി സര്‍ക്കാര്‍ കശ്മീരിലെ ചില സ്ഥാലങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍ വലിക്കാനും സായുധ സേന പ്രത്യേകാധികാര നിയമത്തില്‍ ഇളവ് കൊണ്ടുവരാനും നീക്കം തുടങ്ങിയിരുന്നു. ഇതിനു തിരിച്ചടിയുണ്ടാക്കുന്നതാണ് തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍.