കശ്മീര്‍: ബിജെപിയോട് കൂട്ടുകൂടേണ്ടെന്ന് പിഡിപി എംഎല്‍എമാര്‍

Webdunia
തിങ്കള്‍, 5 ജനുവരി 2015 (08:27 IST)
ജമ്മുകശ്മീരില്‍ പിഡിപിയോട് കൂട്ട് ചേര്‍ന്ന് അധികാരം പങ്കിടാന്‍ കാത്തിരുന്ന് ബിജെപിക്ക് തിരിച്ചടി. ബിജെപിയൊട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കരുതെന്നാണ് പിഡിപി എം‌എല്‍മാര്‍ പാര്‍ട്ടി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദിന് കത്തു നല്‍കിയതായാണ് സൂചന. ബിജെപിയുമായുള്ള ബന്ധത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇത് പാര്‍ട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നുമാണ് എം‌എല്‍‌എമാര്‍ അറിയിച്ചത്.
 
കശ്മീരിന്റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 370-ാം അനുച്ഛേദം, സുരക്ഷാസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ 'അഫ്‌സ്പ' റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കശ്മീരികള്‍ക്ക് ആശങ്കയുണ്ടെന്നും ഇത് പരിഹരിക്കാതെ സഖ്യം വേണ്ടെന്നുമാണ് എം‌എല്‍‌എമാര്‍ അറിയിച്ചത്. മണ്ഡലങ്ങളിലെത്തി ഇതുമായി ബന്ധപ്പെട്ട് ജനാഭിപ്രായം തേടാന്‍ എംഎല്‍എമാര്‍ക്ക് പിഡിപി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നടത്തിയ അഭിപ്രായ രൂ‍പീകരണത്തിനു ശേഷം ജനങ്ങള്‍ ബിജെപി സഖ്യത്തിന് എതിരാണെന്ന് പിഡിപിയെ അറിയിക്കുകയായിരുന്നു.
 
ഇതിനിടെ, കശ്മീരിലെ ബി.ജെ.പി. നേതാക്കള്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് യാതൊരു പുരോഗതിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് കൂടിക്കാഴ്ച. തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ പി.ഡി.പി.യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാമതെത്തിയ ബി.ജെ.പിക്ക് 25 സീറ്റാണുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ്-15, കോണ്‍ഗ്രസ്-12, സ്വതന്ത്രരും ചെറുകക്ഷികളും-12 എന്നിങ്ങനെയാണ് കക്ഷിനില.  
 
എം‌എല്‍മാരുടെ നിലപാട് ഇത്തരത്തിലാണെങ്കില്‍ ചെറുകക്ഷികളുടെ പിന്തുണയോടെ അധികാരത്തിലെത്തുക എന്നതാണ് ഇനി പിഡിപിയുടെ മുന്നിലുള്ള ഏക വഴി. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും മൂന്ന് സ്വതന്ത്രരും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പിഡിപിക്ക് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.