കലൈജ്ഞർ തിരിച്ചുവരുമെന്ന് സ്റ്റാലിൻ; കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ മാറ്റം

Webdunia
ചൊവ്വ, 31 ജൂലൈ 2018 (10:36 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ എം കെ സ്റ്റാലിൻ. പനിയും അണുബാധയും കുറഞ്ഞുവരുന്നുണ്ടെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.
 
അണികള്‍ സംയമനം പാലിക്കണമെന്നും ആശുപത്രിക്ക് പുറത്ത് പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാതെ അണികൾ ഇപ്പോഴും ആശുപത്രിക്ക് മുന്നിലുണ്ട്. 
 
ചെന്നൈയിലെ കാവേരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. രക്തസമ്മർദ്ദം ഇടയ്ക്കിടെ ക്രമാതീതമായി താഴ്ന്നു പോകുന്നതായിരുന്നു പ്രധാന വെല്ലുവിളി
 
ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റാലിനും രാജാത്തിയമ്മാളും എം കെ അഴഗിരിയും കനിമൊഴിയും ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കൾ കാവേരി ആശുപത്രിയിൽ എത്തിയിരുന്നു. അതോടെ അഭ്യൂഹങ്ങളും പരന്നു. കാവേരി ആശുപത്രിക്ക് മുന്നിൽ ജനസമുദ്രം രൂപം കൊണ്ടു. ഇടയ്ക്ക് ജനങ്ങളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. മൗണ്ട് റോഡിലും ടി നഗറിലും കടകളെല്ലാം അടച്ചു. പ്രവർത്തകർ നിലവിളിയും പ്രാർത്ഥനയുമായി റോഡിലിറങ്ങി. എന്നാൽ രാത്രി വൈകി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതോടെ ആശങ്കയ്ക്ക് ഒരു പരിധിവരെ ശമനമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article